
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്ക'റിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സെൽവമണി സെൽവരാജ് ആണ് ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ്
ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചതുമുതൽ വ്യവസായത്തിൽ അജയ്യമായ സാന്നിധ്യമാണ് ദുൽഖർ സൽമാൻ. തന്റെ അഭിനയ വൈദഗ്ധ്യത്തിനും കലയോടുള്ള അർപ്പണബോധത്തിനും പ്രശംസ നേടിയ ദുൽഖർ, ബാംഗ്ലൂർ ഡേയ്സ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഓ കാതൽ കൺമണി, മഹാനടി, കുറുപ്പ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയും, സീതാ രാമം, ലക്കിഭാസ്കർ തുടങ്ങിയ സമീപകാല വൻ വിജയങ്ങളിലൂടെയും സിനിമാ വ്യവസായത്തിൽ നിറഞ്ഞു നിൽക്കുകയാണ്.
രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തെ യാഥാർഥ്യമാക്കി തീർക്കുന്നത്.
കാന്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുരത്തുവന്നതോടെ ആവേശത്തിലായിരിക്കുകയാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ പുറത്തുവരും.
I got to play a timeless role in a timeless story ⏳✨
— Dulquer Salmaan (@dulQuer) February 3, 2025
I couldn’t ask for a bigger gift to celebrate my 13 years in the industry. Grateful to the entire team of #Kaantha and to the wonderful audiences who have given me all the love and encouragement any actor would dream of !… pic.twitter.com/gy59OdMpb8
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'.
തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയിൽ ദുല്‍ഖറിന് മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ സൽമാൻ കുറിച്ചിരുന്നു.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.
Content Highlights: The first look poster of Dulquer's Kanta movie has been shared