മുൻപ് പ്രണയത്തിലായവരിൽ മിക്കവരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്ന് പാർവതി തിരുവോത്ത്. ഇപ്പോൾ സിംഗിൾ ആണെന്നും നടി പറഞ്ഞു. ഡേറ്റിംഗ് ആപ്പുകളിൽ ഉണ്ടെങ്കിലും തനിക്കിഷ്ടം പഴയ രീതിയിൽ ഒരാളെ കണ്ടെത്താനാണെന്നും സിനിമയിൽ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും പാർവതി പറഞ്ഞു. ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, കുറെ നാളായി സിംഗിളാണ്. മുന്നേ പ്രണയത്തിലായവരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാൻ. പലരുമായും ഞാൻ ഇപ്പോഴും സംസാരിക്കാറുണ്ട്. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല. എങ്കിലും, വല്ലപ്പോഴും വിളിച്ച്, നിനക്ക് സുഖമാണോ എന്നു ചോദിക്കുന്നതിൽ തെറ്റില്ല. കാരണം ഏതോ ഒരു കാലത്ത് ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നവരാണ്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു.
ഒരുപാട് മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയ ആളാണ് ഞാൻ. അമിതമായി ഭക്ഷണം കഴിക്കുന്ന കുഴപ്പം എനിക്കുണ്ടായിരുന്നു. ബോഡി ഡിസ്മോർഫിയ പീക്കിലായിരുന്നു. ആ സമയത്ത് ഞാൻ ഒരു വ്യക്തിയുമായി ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. ഭക്ഷണം കഴിക്കണ്ട എന്ന് വിചാരിക്കും. തടിവെച്ചാൽ കാണാൻ വൃത്തികേടായിപ്പോകും എന്നൊക്കെ തോന്നും. ആ സമയത്ത് അവൻ എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും. പക്ഷേ, ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ ബന്ധത്തെ മോശമാക്കാൻ തുടങ്ങി.
എന്റെ മാനസികബുദ്ധിമുട്ടുകൾ ആ ബന്ധത്തെയും ബാധിച്ചു. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞാൻ ക്ഷമ ചോദിച്ചു. കുറെ നാളുകൾക്ക് ശേഷം അങ്ങനെ തുറന്നു സംസാരിക്കുന്നത് ഒരുതരത്തിൽ മുറിവുണക്കലാണ്. സിനിമാ രംഗത്ത് ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. അവർക്ക് നമ്മുടെ ജോലിയെക്കുറിച്ച് മനസ്സിലാകും. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വർഷങ്ങളായി ഞാൻ സിംഗിളാണ്, ഏകദേശം മൂന്നരവർഷത്തോളമായി.
നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കള്‍ ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടുത്തി. പക്ഷേ, ആളുകളെ ‘ഷോപ്പ്’ ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ ഡേറ്റിങ് ആപ്പുകളിലുണ്ട്. ചിലപ്പോഴൊക്കെ കയറി നോക്കും. പക്ഷേ, മിക്കവാറും അക്കൗണ്ട് സസ്പെൻഡ് ചെയ്ത് വയ്ക്കും. എനിക്ക് പഴയ രീതിയില്‍ ഒരാളെ കണ്ടെത്താനാണിഷ്ടം. നേരിട്ട് കാണുക, കണ്ണുകൾ കൊണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക, അതൊക്കെയാണ് എനിക്കിഷ്ടം,' പാർവതി തിരുവോത്ത് പറഞ്ഞു.
Content Highlights: Parvathy Thiruvoth opens up about her relationship status