അഡ്വാൻസ് ബുക്കിംഗിലും തല തന്നെ ഒന്നാമൻ, ബോക്സ് ഓഫീസ് തൂക്കാൻ 'വിടാമുയർച്ചി' നാളെ എത്തും

കേരളത്തിൽ ചിത്രത്തിന്റെ ബുക്കിംഗ് 50 ലക്ഷത്തോട് അടുക്കുന്നു എന്നാണ് ട്രാക്കേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്

dot image

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. നാളെ ചിത്രം തിയേറ്ററുകളിൽ എത്തും. വമ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം തമിഴ്നാട്ടിൽ നിന്ന് 12.53 കോടി അഡ്വാൻസ് ബുക്കിംഗിൽ നിന്ന് മാത്രം നേടിയെന്നാണ് സാക്നിൽക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

നോർത്ത് അമേരിക്കൻ മാർക്കറ്റിൽ നിന്ന് പ്രീമിയർ ഷോയിലൂടെ ചിത്രം 2.11 കോടി നേടിയിട്ടുണ്ട്. 5612 ഷോകളിൽ നിന്ന് ചിത്രം നാല് ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ചിത്രം ആദ്യ ദിനം 15-17 കോടി വരെ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് ആകും വിടാമുയർച്ചി. കേരളത്തിൽ ഭേദപ്പെട്ട അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

കേരളത്തിൽ ചിത്രത്തിന്റെ ബുക്കിംഗ് 50 ലക്ഷത്തോട് അടുക്കുന്നു എന്നാണ് ട്രാക്കേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അജിത് സിനിമയായ തുനിവ് കേരളത്തിൽ നിന്നും അഡ്വാൻസ് സെയിലിൽ നേടിയ കളക്ഷനെ ഇതോടെ വിടാമുയർച്ചി മറികടന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. രാവിലെ 7 മണി മുതലാണ് കേരളത്തിൽ സിനിമയുടെ പ്രദർശനം ആരംഭിക്കുക. തമിഴ്നാട്ടിൽ 9 മണി മുതലാണ് ആദ്യ ഷോ ചാർട്ട് ചെയ്തിരിക്കുന്നത്.

'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Content Highlights: Ajith film Vidaamuyrachi opens with good advance booking

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us