ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം 75 കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളിലൊരാളായി എത്തിയത് മനോജ് കെ ജയൻ ആയിരുന്നു. ലൊക്കേഷനിലേക്ക് ആദ്യമായെത്തുമ്പോൾ 75 കോടി നേടാൻ പോകുന്ന ചിത്രത്തിലേക്കാണ് കാലെടുത്ത് വെക്കുന്നതെന്ന് കരുതിയിലെന്ന് പറയുകയാണ് നടൻ. ആദ്യ ഷോട്ടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് നടന്റെ പ്രതികരണം.
'രേഖാചിത്രത്തിൽ വക്കച്ചൻ ആയി എന്റെ ആദ്യ ദിവസത്തെ ആദ്യ ഷോട്ട്. 75 കോടിയിലധികം കളക്ഷൻ നേടാൻ പോകുന്ന ഒരു ചിത്രത്തിലാണ് ഞാൻ അഭിനയിച്ചു തുടങ്ങുന്നത് എന്ന് അപ്പോൾ ഞാൻ കരുതിയില്ല,' മനോജ് കെ ജയൻ പറഞ്ഞു. അതേസമയം റിലീസ് ചെയ്ത 25 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം.
കേരളത്തില്‍ മാത്രമല്ല ചെന്നൈ, ബാംഗ്ലൂര്‍ പ്രദേശങ്ങളിലും മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് പ്രേക്ഷക - നിരൂപക പ്രശംസ ഏറെ ലഭിക്കുന്നുണ്ട്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.
Content Highlights: Manoj K Jayan talks about the success of the rekhachithram movie