ഇന്ത്യൻ പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമ ആയിരുന്നു 'കാന്താര'. റിഷബ് ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം അവതരണമികവ് കൊണ്ടും, തിരക്കഥയുടെ പിൻബലത്താലും ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'കാന്താര 2' വലിയ ബഡ്ജറ്റിൽ ഏറെ പ്രതീക്ഷകളോടെയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ, ഇന്ത്യൻ സിനിമാലോകം ഇതുവരെ കാണാത്ത തരത്തിൽ, വിദഗ്ധരായ 500 ഫൈറ്റർമാർ ഒന്നിക്കുന്ന ഒരു യുദ്ധ രംഗം ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്തരായ നിരവധി ആക്ഷൻ കൊറിയോഗ്രാഫർമാരാകും ഇതിന് നേതൃത്വം നൽകുകയെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഒന്നാം ഭാഗത്തിന്റെ പ്രീക്വൽ ആയി ഒരുങ്ങുന്ന ചിത്രം 2025 ഒക്ടോബർ 2 ന് തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
2022 ലാണ് റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ 'കാന്താര' ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷബിനെ തേടിയെത്തിയിരുന്നു.
Content Highlights: 500 skilled fighters unite in Kantara Chapter 1