![search icon](https://www.reporterlive.com/assets/images/icons/search.png)
കഴിഞ്ഞ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ ബജറ്റും തിയേറ്റർ കളക്ഷനും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ മാത്രം 28 മലയാള സിനിമകളും ഒരു റി റിലീസ് (ആവനാഴി) സിനിമയും 12 അന്യഭാഷ സിനിമകളും കേരളത്തിൽ റിലീസ് ചെയ്യുകയുണ്ടായി. ഇതിൽ നിന്നും മാത്രമുണ്ടായ നഷ്ടം 110 കോടിയാണ്.
30 കോടി മുടക്കിയ ടൊവിനോ തോമസ് ചിത്രമായ ‘ഐഡന്റിറ്റി’ കേരളത്തിൽ നേടിയത് വെറും മൂന്നര കോടി രൂപയാണ്. ഇന്ദ്രന്‍സ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തി, രണ്ടര കോടി ബജറ്റിൽ ഒരുക്കിയ ‘ഒരുമ്പെട്ടവൻ’ നേടിയത് മൂന്ന് ലക്ഷം രൂപ. ചിത്രങ്ങളുടെ ലിസ്റ്റിൽ ഹിറ്റായത് ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ്. ഏകദേശം എട്ടര കോടിയായിരുന്നു ‘രേഖാചിത്ര’ത്തിന്റെ ബജറ്റ്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും പന്ത്രണ്ടര കോടി കളക്ഷൻ ചിത്രത്തിനു ലഭിക്കുകയുണ്ടായി.
മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’, ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’, വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ എന്നീ സിനിമകൾ തിയറ്റർ കലക്‌ഷൻ കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. സിനിമകളിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം തുക, താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.
നിർമാണ ചെലവ് കൂടുതലായതിനാൽ ജൂൺ ഒന്ന് മുതൽ സിനിമാ നിർമാണം നിർത്തിവെയ്ക്കുമെന്നും നിർമാതാക്കൾ പറഞ്ഞു. സൂചനാ പണിമുടക്ക് നടത്തി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു. നിർമാതാക്കളുടെ ആവശ്യങ്ങൾ നിരാകരിച്ച് മുന്നോട്ടു പോയാൽ താരങ്ങൾ നിർമിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകളും അറിയിച്ചു.
Content Highlights: producers' association shared the budget and collection of films released in January