രണ്ടുവർഷങ്ങൾക്കിപ്പുറം ഒരു അജിത് ചിത്രം തിയേറ്ററുകളിലെത്തുന്നു എന്നതിനാൽ തന്നെ വിടാമുയർച്ചിക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. സിനിമയ്ക്ക് വലിയ അഡ്വാൻസ് ബുക്കിങ്ങാണ് രാജ്യത്ത് ലഭിച്ചതും. എന്നാൽ തമിഴ്‌നാട്ടിലല്ല, ബിഹാറിലാണ് സിനിമയ്ക്ക് ഏറ്റവും അധികം അഡ്വാൻസ് ബുക്കിങ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാക്നിൽക്കിന്റെ ഡാറ്റ പ്രകാരം, 7,15,631 ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയിരിക്കുന്നത്. ഇതിൽ ഏറ്റവും അധികം അഡ്വാൻസ് ബുക്കിങ് ലഭിച്ചിരിക്കുന്നത് ബിഹാറിൽ നിന്നാണ്. തമിഴ്‌നാടിന് പുറത്ത്, പ്രത്യേകിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ അജിത്തിന്റെ വർദ്ധിച്ചുവരുന്ന ആരാധകവൃന്ദത്തെയാണ് ഇത് എടുത്തുകാണിക്കുന്നത് എന്ന് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.
Content Highlights: Vidaamuyarchi sees maximum advance booking in Bihar