'ബേസിലാണ് ഏറ്റവും മികച്ച എവരിമാൻ ആക്ടർ'; പൊൻമാനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

ബേസിൽ ജോസഫും അനുരാഗ് കശ്യപിന് നന്ദി അറിയിച്ചിട്ടുണ്ട്

dot image

ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ കൂട്ടുകെട്ടിന്റെ പൊൻമാൻ എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. വളരെ യാഥാർത്ഥവും രസകരവുമായ സിനിമയായിരുന്നു ഇതെന്നും ഇന്നുള്ളവരിൽ ബേസിലാണ് ഏറ്റവും മികച്ച 'എവരിമാൻ ആക്ടർ' എന്നും അനുരാഗ് കശ്യപ് കുറിച്ചു. ബേസിൽ ജോസഫും അനുരാഗ് കശ്യപിന് നന്ദി അറിയിച്ചിട്ടുണ്ട്.

നേരത്തെ പൊൻമാന്റെ വിജയത്തിൽ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 'പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ, ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ. കട്ട വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ! കോടികൾ വാരട്ടെ', എന്നായിരുന്നു ടൊവിനോ കുറിച്ചത്. ബേസിൽ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രമായ മരണമാസ് നിർമിക്കുന്നത് ടൊവിനോയാണ്.

ഉടൻ പോസ്റ്റിന് താഴെ കമൻ്റുമായി ബേസിൽ ജോസഫ് എത്തിയിരുന്നു. 'തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ, എന്നിട്ട് സംസാരിക്കാം' എന്നാണ് ബേസിലിന്റെ കമന്റ്. 'സൗഹൃദത്തിന് വില പറയുന്നോടാ ഛെ ഛെ ഛെ..' എന്ന് ടൊവിനോയും ബേസിലിന് റിപ്ലൈ നൽകി. മരണമാസിൽ പ്രധാന വേഷത്തിലെത്തുന്ന സിജു സണ്ണിയും തമാശ നിറഞ്ഞ കമൻ്റുമായി എത്തി. 'അടുത്ത പടം കോടിക്കണക്കിന് കോടികൾ വാരണേ, ഞങ്ങളുടെ പ്രൊഡ്യൂസർ ഒരു ലക്ഷപ്രഭു ആകണേ', എന്ന സിജുവിന്റെ കമന്റ്. 'പ്രൊഡ്യൂസറിനെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏത് വിധേനയും തടയുന്നതായിരിക്കും', എന്ന് സിജുവിന് ടൊവിനോ തോമസ് മറുപടി നൽകിയിരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച പൊൻമാൻ എന്ന ചിത്രം ജിആർ ഇന്ദു ഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫിനെ കൂടാതെ സജിൻ ഗോപു, ലിജോ മോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പരമ്പോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്.

Content Highlights: Anurag Kashyap praises Ponman movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us