സച്ചി ഒരുക്കിയ വിസ്മയം; 'അയ്യപ്പനും കോശിയും' ഈഗോ ക്ലാഷ് തുടങ്ങിയിട്ട് അഞ്ച് വർഷം

'കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രം' എന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്

dot image

അന്തരിച്ച സംവിധായകൻ സച്ചി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം അയ്യപ്പനും കോശിയും റിലീസ് ചെയ്തിട്ട് അഞ്ച് വർഷങ്ങൾ തികയുന്നു. ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷുമായി ബന്ധപ്പെട്ടാണ് കഥ പറഞ്ഞത്. പിന്നീടിങ്ങോട്ട് വന്ന മറ്റു ഭാഷാ സിനിമകൾക്ക് പോലും ബെഞ്ച് മാർക്കായി തീർന്ന സിനിമയുടെ അഞ്ചാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് സിനിമാപ്രേമികൾ.

'കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രം' എന്നാണ് ഒരു പ്രേക്ഷകൻ സിനിമയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. രണ്ടുപേർ തമ്മിലെ ഈഗോ ക്ലാഷ് എന്നത് ഒരു വിഷയമായെടുത്താൽ ഈ സിനിമയുടെ തിരക്കഥ ഒരു പാഠപുസ്തകമാക്കാം എന്നാണ് ഒരാൾ കുറിച്ചത്. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും റിപ്പീറ്റ് വാല്യൂവുള്ള സിനിമ എന്നാണ് അയ്യപ്പനും കോശിയെയും കുറിച്ച് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

സച്ചി എന്ന സംവിധായകനും തിരക്കഥാകൃത്തും ഒരുക്കിയ വിസ്മയമാണ് അയ്യപ്പനും കോശിയും എന്ന് എല്ലാവരും അഭിപ്രയപ്പെടുമ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദനയും ഏവരും പങ്കുവെക്കുന്നുണ്ട്. 'സച്ചിയെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. ഒരുപാട് കഥ പറയാൻ ബാക്കിയുണ്ടായിരുന്നിരിക്കണം', എന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചത്.

2020 ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും റിലീസ് ചെയ്തത്. അട്ടപ്പാടി പശ്ചാത്തലമാക്കി കഥ പറഞ്ഞ സിനിമയിൽ എസ് ഐ അയ്യപ്പൻ നായർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തിയത്. കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. രഞ്ജിത്ത്, അനുമോഹൻ, അനിൽ നെടുമങ്ങാട്, ഗൗരി നന്ദ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകന്‍, സഹനടന്‍, പിന്നണി ഗായിക, സംഘട്ടനം എന്നീ പുരസ്‌കാരങ്ങൾ അയ്യപ്പനും കോശിക്കുമായിരുന്നു ലഭിച്ചത്.

Content Highlights: Ayyappanum Koshiyum turns five years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us