ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ 'സനം തേരി കസം' വീണ്ടും തിയേറ്ററിലെത്തുന്നു. അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം ആദ്യ ദിനം 20,000 ടിക്കറ്റുകൾ വിറ്റഴിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം വരവിൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് റിപ്പോർട്ട്.
2016 ൽ രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രം അന്ന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ ഒമ്പതുവർഷങ്ങൾക്കിപ്പുറം യുവതയുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി സനം തേരി കസം മാറി. ചിത്രം ഒടിടിയിലെത്തിയതോടെ പ്രേക്ഷകർ ഏറ്റെടുത്തു.
ലവ്യാപ, ഇന്റർസ്റ്റെല്ലാർ എന്നീ ചിത്രങ്ങളേക്കാൾ കൂടുതൽ ബുക്കിങ്ങാണ് സനം തേരി കസം നേടുന്നതെന്നാണ് വിവരം. മിനിമം ടിക്കറ്റ് നിരക്ക് കണക്കാക്കിയാൽ പോലും ആദ്യദിന കളക്ഷൻ 2 കോടി കടക്കും. ഇത് ആദ്യ വരവിലെ ആദ്യ ദിവസത്തെ ഒരു കോടി രൂപയുടെ കളക്ഷനെ മറികടക്കുന്നതാണ്. കൂടാതെ, യേ ജവാനി ഹേ ദീവാനി റീ-റിലീസിന്റെ ആദ്യ ദിന കളക്ഷൻ 1.15 കോടിയെ ചിത്രം മറികടക്കുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: 'Sanam Teri Kasam' is back in theaters