![search icon](https://www.reporterlive.com/assets/images/icons/search.png)
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ റെട്രോയുടെ കഥ സംബന്ധിച്ചും സൂര്യയുടെ കഥാപാത്രത്തിന്റ പേര് സംബന്ധിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമായിരിക്കുകയാണ്.
ഗൂഗിളിലെ റെട്രോയുടെ കാസ്റ്റ് ലിസ്റ്റിൽ സൂര്യയുടെ കഥാപാത്രത്തിന്റെ പേര് മാത്യു വരദരാജൻ എന്നാണ് കാണിക്കുന്നത്. പൂജ ഹെഗ്‌ഡെയുടെ പേര് ദേവി എന്നും ജോജു ജോർജുവിന്റെ കഥാപാത്രത്തിന്റെ പേര് സീസർ വരദരാജൻ എന്നും ജയറാമിന്റെ പേര് അഴക് സുന്ദരം എന്നുമാണ് കാണിക്കുന്നത്.
മാത്രമല്ല ഐഎംഡിബി പേജിൽ സിനിമയുടെ കഥയും നൽകിയിട്ടുണ്ട്. ഒരു മുൻ ഗ്യാങ്‌സ്റ്റർ ഭാര്യയ്ക്ക് നൽകിയ വാക്ക് മൂലം സമാധാനം നിറഞ്ഞ ഒരു ജീവിതത്തിലേക്ക് തിരിയുന്നു. എന്നാൽ തന്റെ ഭൂതകാലം അയാളെ വേട്ടയാടുകയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥ എന്നാണ് ഐഎംഡിബി പേജിൽ പറയുന്നത്. സിനിമയുടെ കഥ സംബന്ധിച്ചും സൂര്യയുടെ പേര് സംബന്ധിച്ചുമുള്ള ഈ അപ്ഡേറ്റ് ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ടീസറിനും വലിയ സ്വീകാര്യത നേടാനായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിൽ രണ്ട് ലുക്കിലാണ് സൂര്യയെത്തുന്നത്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.
Content Highlights: Retro movie story and Suriya's name trending in social media