![search icon](https://www.reporterlive.com/assets/images/icons/search.png)
പൃഥ്വിരാജിനെ സിനിമയിൽ കൊണ്ടുവന്നാൽ വലിയ പ്രശ്നമായിരിക്കുമെന്നാണ് അമർ അക്ബർ അന്തോണിയുടെ ഷൂട്ടിന് മുൻപ് പലരും തങ്ങളോട് പറഞ്ഞതെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. രാജു സ്ക്രിപ്റ്റ് തിരുത്തും എന്നതുൾപ്പെടെയുള്ള ആവശ്യമില്ലാത്ത കാര്യങ്ങളും പേടിപ്പെടുത്തലുകളും ഒക്കെയാണ് കേട്ടത്. അപ്പോൾ ഞങ്ങൾക്കും പേടിയായി. പക്ഷെ അദ്ദേഹം തങ്ങളോട് വളരെ നല്ല രീതിയിലാണ് ഇടപെട്ടതെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. നമ്മൾക്കെന്താണ് വേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കിയാണ് രാജു ചേട്ടൻ ഓരോന്നും ചെയ്തതെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.
'രാജുവൊക്കെ വന്നാൽ അലമ്പായിരിക്കും എന്നാണ് ചിലർ പറഞ്ഞത്. ഷൂട്ടിന്റെ ആദ്യത്തെ ദിവസം ഒരു ഷോട്ടിന് രാജു ചേട്ടന്റെ റിയാക്ഷൻ വേണമായിരുന്നു. ഷോട്ടെടുത്തു കഴിഞ്ഞപ്പോൾ ചെയ്തത് അത്രയും വേണ്ടാ എന്ന് തോന്നി. നാദിർഷിക്കയോട് പറഞ്ഞപ്പോൾ നീ പോയി രാജുവിനോട് പറയ് എന്നാണ് പറഞ്ഞത്. നാദിർഷിക്കയും ആദ്യമായി സംവിധാനം ചെയ്യുകയാണ്. അതിന്റെ പേടികളും ഉണ്ടായിരുന്നു. ഞാൻ ചെന്ന് അത്രയും വേണ്ട എന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് വേണ്ടത് എന്ന് കാണിച്ചു തരാനാണ് രാജു ചേട്ടൻ പറഞ്ഞത്. അപ്പോൾ ഞാൻ ചെയ്തു കാണിച്ചു കൊടുത്തു. അത് നമ്മളെ ഇൻസൾട്ട് ചെയ്തതൊന്നും അല്ല. നമ്മൾക്കെന്താണ് വേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കിയാണ് രാജു ചേട്ടൻ ചെയ്യുന്നത്', വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.
പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത സിനിമയാണ് അമർ അക്ബർ ആന്റണി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് സിനിമയുടെ തിരക്കഥ തയാറാക്കിയത്. നമിത പ്രമോദ്, ബേബി മീനാക്ഷി, സിദ്ധിഖ്, സാജു നവോദയ, ശ്രിന്ദ, അബു സലിം തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
Content Highlights: Vishnu unnikrishnan about casting prithviraj in amar akbar antony