കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയുന്നു. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
കഴിഞ്ഞ മാസം റിലീസ് ചെയ്ത ടോക്‌സികിന്റെ ആദ്യ ടീസർ ഏറെ ചർച്ചയായിരുന്നു. ടോക്സിക് ടീസറിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഈ ദൃശ്യങ്ങളുടെ പേരിൽ ഏറെ വിമർശനങ്ങളായിരുന്നു ഉയർന്നത്.
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Yash and Geethu Mohandas shooting for Toxic in English and Kannada