
മികച്ച സിനിമകളിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. അഭിനയത്തിനോടൊപ്പം സംവിധാനത്തിലും ധനുഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പുറത്തിറങ്ങാനുള്ള രണ്ടു സിനിമകൾ ഉൾപ്പെടെ വ്യത്യസ്ത ഴോണറിലുള്ള നാല് സിനിമകളാണ് ധനുഷ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്.
പവർ പാണ്ടി, രായൻ, നിലവുക്ക് എൻ മേൽ എന്നടി കോപം, ഇഡ്‌ലി കടൈ എന്നീ സിനിമകളാണ് ധനുഷ് സംവിധാനം ചെയ്ത സിനിമകൾ. ഇതിൽ നിലവുക്ക് എൻ മേൽ എന്നടി കോപം, ഇഡ്‌ലി കടൈ എന്നീ സിനിമകൾ ഇനി പുറത്തിറങ്ങാനുണ്ട്. രാജ്‌കിരൺ, രേവതി, പ്രസന്ന, ഛായ സിംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പവർ പാണ്ടി' ഒരു ഫീൽ ഗുഡ് ഡ്രാമ സിനിമയായിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. ധനുഷും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. ധനുഷിന്റെ സംവിധാനത്തിൽ രണ്ടാമതായി പുറത്തിറങ്ങിയ 'രായൻ' ഒരു മുഴുനീള ആക്ഷൻ സിനിമയായിരുന്നു. ധനുഷിനൊപ്പം കാളിദാസ് ജയറാം, ദുഷാര വിജയൻ, സന്ദീപ് കിഷൻ, എസ്ജെ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കിലും കളക്ഷനെ അതൊന്നും ബാധിച്ചില്ല.
യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് മൂന്നാമതായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'നിലവുക്ക് എൻ മേൽ എന്നടി കോപം'. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഉൾപ്പെടുന്ന ചിത്രം ഫെബ്രുവരി 21 ന് തിയേറ്ററിലെത്തും. ആദ്യ രണ്ടു സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു ഫൺ കളർഫുൾ സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
ഇഡ്‌ലി കടൈ ആണ് ഇനി അടുത്തതായി ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിൽ അരുൺ വിജയ്‌യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം. രാജ്‌കിരണും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Four movies directed by actor Dhanush