റീ റിലീസ് എന്നാൽ ഇങ്ങനെ വേണം, ടിക്കറ്റ് പോലും കിട്ടാനില്ല!; ബോക്സ് ഓഫീസിൽ ആഘോഷമായി ഇന്‍റർസ്റ്റെല്ലാർ

ഇന്റെർസ്റ്റെല്ലാറിന് എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

dot image

ഓരോ ക്രിസ്റ്റഫർ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റെർസ്റ്റെല്ലാർ'. 2014ല്‍ ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ ചിത്രം കഴിഞ്ഞ ദിവസം റീ റിലീസിനെത്തിയിരുന്നു. റിലീസ് ചെയ്ത് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ മികച്ച കളക്ഷനാണ് സിനിമ നേടുന്നത്.

ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് 10.50 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്. ചുരുക്കം ദിവസം മാത്രമാണ് ചിത്രം ഇന്ത്യയിൽ പ്രദർശനം നടത്തുക എന്നതിനാൽ പ്രവര്‍ത്തി ദിനങ്ങളിലെ ടിക്കറ്റുകളില്‍ വലിയൊരു ശതമാനവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ഇതോടെ ഒരു ഹോളിവുഡ് റീ റിലീസ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് സിനിമ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. നിലവിൽ ഈ റെക്കോർഡ് ടൈറ്റാനിക്കിന്റെ പേരിലാണ്. 20 കോടിയായിരുന്നു ചിത്രം റീ റിലീസ് ചെയ്തപ്പോൾ നേടിയത്.

അതേസമയം ഇന്റെർസ്റ്റെല്ലാറിന് എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടുന്നതിന് അനുസരിച്ച് ഐമാക്സ് ഉൾപ്പെടെ പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകൾ കൂടി വെക്കുന്നുണ്ട്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നതെന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തുടരുന്നുവെന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിക്കുന്നത്.

മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.

Content Highlights: Interstellar re-release box office collection

dot image
To advertise here,contact us
dot image