![search icon](https://www.reporterlive.com/assets/images/icons/search.png)
ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'സനം തേരി കസം'. രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. എന്നാൽ റീ റിലീസിന് പിന്നാലെ ബോളിവുഡിനെ ഞെട്ടിക്കുന്ന വിജയമാണ് സിനിമ നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് സംബന്ധിച്ച ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഹർഷവർദ്ധൻ റാണെയും നിർമാതാവും ചേർന്ന് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വർക്കുകൾ തുടങ്ങിയതായി അറിയിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു അവർ സിനിമയുടെ വിശേഷം പങ്കുവെച്ചത്. സിനിമ ഉടൻ ഉണ്ടാകുമോ എന്നാതാണ് റീ റിലീസിന് പിന്നാലെ പ്രേക്ഷകരുടെ ചോദ്യം.
അതേസമയം വാലെന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് റീ റിലീസ് ചെയ്ത സനം തേരി കസം ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് കൈവരിക്കുന്നത്. 4.25 കോടിയാണ് ചിത്രം റീ റിലീസിലെ ആദ്യ ദിനം നേടിയത്. രണ്ടാം ദിവസമായ ശനിയാഴ്ച അത് 5 കോടിയായി വർധിച്ചു. നിലവിൽ ചിത്രം 9.50 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ഇത് ചിത്രത്തിന്റെ ലൈഫ്ടൈം കളക്ഷനെക്കാൾ കൂടുതലാണ്. 9 കോടി ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തപ്പോൾ നേടിയത്.
2016 ൽ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ ഒമ്പതുവർഷങ്ങൾക്കിപ്പുറം യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി സനം തേരി കസം മാറി. ചിത്രം ഒടിടിയിലെത്തിയതോടെ പ്രേക്ഷകർ ഏറ്റെടുത്തു. സിനിമയിലെ ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചു. ഒപ്പം ഇറങ്ങിയ ബോളിവുഡ് സിനിമയായ ലവ്‌യാപയെക്കാൾ കളക്ഷൻ ആണ് സനം തേരി കസത്തിന് ലഭിക്കുന്നത്.
Content Highlights: Is Sanam Teri Kasam 2 on cards