![search icon](https://www.reporterlive.com/assets/images/icons/search.png)
മലയാളത്തിന്റെ ആക്ഷൻ ഹീറോ ജയൻ പ്രധാന വേഷത്തിൽ എത്തി ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച സിനിമയായിരുന്നു ശരപഞ്ജരം. 1979-ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ജയന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്തു 46 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഇത്തവണ 4K ഡോൾബി അറ്റ്മോസിന്റെ സഹായത്തോടെ പുത്തൻ സാങ്കേതിക മികവോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 14 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. ഏപ്രിൽ 25 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. റോഷിക എന്റർപ്രൈസസ് ആണ് ചിത്രം ലോകം മുഴുവൻ വീണ്ടുമെത്തിക്കുന്നത്. ഷീല, ലത, സത്താർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കോട്ടയം ശാന്ത തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജയനെത്തിയത്. അദ്ദേഹം അവതരിപ്പിച്ച ചന്ദ്രശേഖരൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാറ്റൂർ രാമകൃഷ്ണൻ കഥയെഴുതിയ ചിത്രം നിർമിച്ചത് ജിപി ബാലൻ ആയിരുന്നു.
മലയാളത്തിലെ പഴയ ക്ലാസ്സിക് സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്യുന്നത് ഇപ്പോൾ പതിവാണ്. മമ്മൂട്ടി ചിത്രങ്ങളായ ഒരു വടക്കൻ വീരഗാഥ, ആവനാഴി, വല്യേട്ടൻ മോഹൻലാലിൻ്റെ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്‌ഫടികം തുടങ്ങിയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തിയിരുന്നു. ഇതിൽ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്‌ഫടികം എന്നിവയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടി നായകനായി എത്തി ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ ആണ് ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന റീ റിലീസ് ചിത്രം. 4K ഡോൾബി അറ്റ്മോസിൽ എത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlights: Jayan starring Sarapanjaram all set for a re release