
വലിയ താരനിരയോ വമ്പൻ ബജറ്റോ ഇല്ലാതെയെത്തി പാൻ ഇന്ത്യൻ ലെവലിൽ വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു 'പ്രേമലു'. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് വലിയ വിജയമായും മാറി. നസ്‌ലെന്‍, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെത്തിയ സിനിമയിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ ഡേവീസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നസ്‌ലെന്റെ സച്ചിൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു സംഗീത് ചെയ്തത്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ആ കഥാപാത്രത്തെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് സംഗീത്.
പ്രേമലുവിന്റെ കഥ വായിക്കുമ്പോൾ അമല്‍ ഡേവീസ് എന്ന കഥാപാത്രം ഇത്രത്തോളം ശ്രദ്ധേയമാകുമെന്ന് താൻ കരുതിയിരുന്നില്ല. സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രത്തിന് ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് പോലും മനസ്സിലായത്. ഇപ്പോൾ എല്ലാത്തരം പ്രേക്ഷകരും തന്നെ സ്വീകരിച്ചത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്നും സംഗീത് പറഞ്ഞു.
'സ്ക്രിപ്റ്റ് വായിച്ചപ്പോൾ അമൽ ഡേവീസ് എന്ന കഥാപാത്രം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് മനസ്സിലായില്ല. ഒരു ദിവസം ഞാനും നസ്ലനും കൂടി ഇരിക്കുമ്പോൾ ഗിരീഷേട്ടൻ (ഗിരീഷ് എ ഡി) പറഞ്ഞു നീയും ഇവനും വർക്കാവണം, എന്നാലേ പടം വർക്കാവൂ എന്ന്. ഞാൻ ഞെട്ടി പോയി. പിന്നീട് അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രത്തിന് സ്പേസ് ഉണ്ടെന്ന് മനസിലായത്. എങ്കിലും അമൽ ഡേവീസിന് ഇത്ര റെസ്പോൺസ് കിട്ടുമെന്ന് കരുതിയിരുന്നില്ല. മൂന്ന് വയസ്സുള്ള കുട്ടി മുതൽ 60 വയസ്സുള്ള അപ്പൂപ്പൻ വരെ നമ്മളെ വീട്ടിലെ ഒരാളായി കാണുന്നു എന്നതിൽ സന്തോഷം,' എന്ന് സംഗീത് പ്രതാപ് പറഞ്ഞു.
അതേസമയം പ്രേമലുവിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ് തങ്ങളെന്നും ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ആരംഭിക്കുമെന്നും സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Sangeeth Prathap talks about Amal Daves in Premalu