![search icon](https://www.reporterlive.com/assets/images/icons/search.png)
തമിഴ് യുവതാരം കവിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കിസ്സ് എന്നാണ് സിനിമയുടെ ടൈറ്റിൽ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചുറ്റും ചുംബിച്ചുകൊണ്ട് നിൽക്കുന്നവർക്ക് നടുവിലായി കണ്ണുകൾ മൂടപ്പെട്ട നിലയിലുള്ള കവിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ കിസ്സിന്റെ ടീസർ പുറത്തിറക്കും.
തമിഴിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ സതീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോമിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ രാഹുലാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ റിലീസ് മാർച്ചിൽ ഉണ്ടാകുമെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു. സ്ലീപ്പർ ഹിറ്റ് ആയ അയോതിയിലെ നായിക പ്രീതി അസ്രാണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ജെൻ മാർട്ടിനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവ്വഹിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിക്കും, ആർ ജി പ്രണവ് എഡിറ്റിംഗ് നിർവഹിക്കും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ കിസ്സ് പുറത്തിറങ്ങും.
കഴിഞ്ഞ വർഷം ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്ത ബ്ലഡി ബെഗ്ഗറിലാണ് കവിൻ അവസാനമായി അഭിനയിച്ചത്. ശിവബാലൻ സംവിധാനം ചെയ്ത് നെൽസൺ ദിലീപ്കുമാർ നിർമ്മിച്ച ചിത്രമാണ് ബ്ലഡി ബെഗ്ഗർ. ചിത്രം സൺ നെക്സ്റ്റിൽ ലഭ്യമാണ്.
Content Highlights: Kavin movie Kiss first look poster out