![search icon](https://www.reporterlive.com/assets/images/icons/search.png)
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ തരുൺ മൂർത്തി എന്ന സംവിധായകൻ എങ്ങനെയാകും അവതരിപ്പിക്കുക എന്നത് തന്നെയാണ് ആ ആകാംക്ഷയുടെ പ്രധാന കാരണവും. ഇതുവരെ സിനിമയുടേതായി പുറത്തുവന്നിട്ടുള്ള എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ചും ഒടിടി റൈറ്റ്സ് സംബന്ധിച്ചും പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.
തുടരും മെയ് മാസത്തിലാകും റിലീസ് ചെയ്യുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സിനിമയുടെ ഒടിടി റൈറ്റ്സ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതായും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് സൂചന.
ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
Content Highlights: Reports that Thudarum OTT rights sold