![search icon](https://www.reporterlive.com/assets/images/icons/search.png)
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ സിനിമയാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമയായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് നേടിയത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് സിനിമ നിർമിച്ചത്. നമ്മുടെ സൊസൈറ്റിയിൽ ഉള്ള വയലൻസിന്റെ പത്ത് ശതമാനം പോലും മാർക്കോയിൽ കാണിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വയലൻസ് എന്നത് മനുഷ്യന്റെ പരിണാമത്തിൻ്റെ കൂടി ഭാഗമായ കാര്യമാണെന്ന് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
'യുദ്ധങ്ങളിലൂടെയാണ് നമ്മൾ സമാധാനം നേടി എടുത്തത്. എല്ലാത്തിനുമുപരി അതിജീവനമാണ് നമ്മുടെ ലക്ഷ്യം. ഇതെല്ലാം വയലൻസിനെ സ്‌ക്രീനിൽ കാണിക്കാനുള്ള ഒരു എക്സ്ക്യൂസായി ഞാൻ പറയുന്നില്ല. വയലൻസ് നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഒരു സത്യമാണ്. അതിന് ഞാൻ വ്യക്തിപരമായി സാക്ഷ്യം വഹിക്കുന്നില്ല എന്നതിൽ ഞാൻ നന്ദിയുള്ളവനായിരിക്കും', ഉണ്ണി മുകുന്ദൻ പറഞ്ഞു.
ചിത്രം ഫെബ്രുവരി 14ന് സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. 5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ഏപ്രിലിൽ ചിത്രം കൊറിയൻ റിലീസിനായി ഒരുങ്ങുകയുമാണ്. ഉണ്ണി മുകുന്ദനെയും ജഗദീഷിനെയും കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമായി.
Content Highlights: Not even 10% of the violence that occurs in society is shown in Marco says Unni Mukundan