നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന് ചിലർ ചോദിക്കും, എന്റെ വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമല്ല: നിഖില വിമൽ

സഹോദരി സന്യാസം സ്വീകരിച്ചതിനോട് പ്രതികരിച്ച് നടി നിഖില വിമൽ.

dot image

അടുത്തിടെയാണ് നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അഖില സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും പങ്കുവെക്കുകയുണ്ടായി. അവന്തികാ ഭാരതി എന്ന പേരും അവർ സ്വീകരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, തന്‍റെ സഹോദരി സന്യാസം സ്വീകരിച്ചതിനോട് പ്രതികരിക്കുകയാണ് നിഖില.

നക്സലൈറ്റിന്റെ മോൾ എങ്ങനെ സന്യാസിയായി എന്ന് ചിലർ ചോദിക്കുമെന്നും എന്നാൽ സാധാരണ ഒരു വീട് അല്ല തന്റേതെന്നും വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമല്ലെന്നും നിഖില പറഞ്ഞു. തന്റെ വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും തന്റെ ചേച്ചി ആയി എന്നൊരു ബുദ്ധിമുട്ട് മാത്രമാണ് സഹോദരിക്ക് ഉണ്ടായതെന്നും നിഖില പറഞ്ഞു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'അഖില സന്യാസം സ്വീകരിച്ചത് മാധ്യമങ്ങള്‍ അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രമേയുള്ളൂ. പെട്ടന്ന് ഒരുദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതൊന്നുമല്ല, വളരെക്കാലങ്ങളായി അവള്‍ ഈ പാതയിലായിരുന്നു. എന്‍റെ ചേച്ചിയായതാണ് അവൾക്ക് ഇപ്പോഴുണ്ടായ ഈ ബുദ്ധിമുട്ടിന് കാരണം. അവള്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട്. അക്കാദമിക്കായി നമ്മളെക്കാൾ മുകളിൽ നിൽക്കുന്നയാളാണ്, ബുദ്ധിയുള്ളയാളാണ്. അവളുടെ ലൈഫിൽ അവളെടുക്കുന്ന ഒരു തീരുമാനത്തെ നമ്മൾ എങ്ങനെയാണ് ചോദ്യം ചെയ്യുക.

ചേച്ചിക്ക് 36 വയസായി. അങ്ങനെയുള്ള ആൾ അവരുടെ ലൈഫിൽ ഒരു തീരുമാനമെടുക്കുന്നത് നമ്മൾ ചോദ്യം ചെയ്യാൻ പാടില്ല. അവൾ ആരോടും പറയാതെ പെട്ടെന്നൊരു ദിവസം പോയതല്ല. ശാസ്ത്രമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി എല്ലാം ചെയ്തിട്ടാണ് പോയത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റി നമ്മൾ വാതോരാതെ സംസാരിക്കും. എന്നാൽ ഒരു വ്യക്തി ഒരു സ്വാതന്ത്ര്യമെടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യും. അവൾ അടിപൊളിയായിട്ടുള്ളയാളാണ്. സിനിമയിൽ ജോലി ചെയ്യുന്നതുകൊണ്ട് ഞാൻ പോപ്പുലറായി. ബുദ്ധിയുള്ളതുകൊണ്ടും, നന്നായി പഠിച്ചതുകൊണ്ടും അവൾ ആ നിലയിലെത്തി. അവരെ ചോദ്യം ചെയ്യാൻ നമ്മൾ ആരുമല്ല,' നിഖില പറഞ്ഞു.

'ഞാൻ സിനിമയിൽ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. അവളുടെ തീരുമാനത്തിൽ ഞാൻ സന്തോഷവതിയാണ്. അവളുടെ ലൈഫിൽ അവൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നെപ്പോലെ മണ്ടത്തരം പറ്റുന്നൊരാളല്ല. ഞാനാണ് അത് ചെയ്തതെങ്കിൽ അത് വാർത്തയായിരുന്നു. 50 ദിവസം നിങ്ങൾക്ക് വേണമെങ്കിൽ ചർച്ചയാക്കാമായിരുന്നു. അവളുടെ കാര്യത്തിൽ അതിനൊരു വാർത്താ പ്രാധാന്യമോ, ആർക്കും ഞെട്ടലോ ഇല്ല. അവൾ സമാധാനമായി ജീവിക്കുന്നു. അവൾക്ക് വേണ്ടതെല്ലാം അവൾ ചെയ്തിട്ടുണ്ട്. യാത്രകൾ ചെയ്തിട്ടുണ്ട്. ഫോട്ടോഗ്രഫിയൊക്കെ ഇഷ്ടമുള്ള, ഭക്ഷണം കഴിക്കാനിഷ്ടമുള്ളയാളാണ്. മണ്ടത്തരം പറ്റി പോയതല്ല. ഇൻഡിപെൻഡന്റ് ആയിട്ടുള്ളയാളെന്ന് പറയുമ്പോൾ അവളെ കാണിക്കാം. ഞെട്ടിയോ, ഞെട്ടിയോ എന്ന് ആൾക്കാർ ചോദിച്ചു. ഇല്ല ഞെട്ടിയില്ല. നമുക്കിതിനെപ്പറ്റി കാര്യമായി അറിയില്ല.

അത്രയും വിവരമോ, ബുദ്ധിയോ വിദ്യാഭ്യാസമോ എനിക്കില്ല. കേൾക്കുന്ന നിങ്ങൾക്ക് ഞെട്ടലുണ്ടെന്നല്ലാതെ ഞങ്ങൾക്കില്ല. സാധാരണ ഒരു വീട്ടിൽ ആളുകൾ പഠിക്കും, ജോലി ചെയ്യും, വിവാഹം കഴിക്കും. എന്‍റെ വീട്ടിൽ അങ്ങനെയല്ല, വ്യത്യാസമാണ്. എന്‍റെ അച്ഛൻ നക്സലൈറ്റായിരുന്നു. നക്സലൈറ്റിന്റെ മോൾ എങ്ങനെ സന്യാസിയായി എന്ന് ചിലർ ചോദിക്കും. ഞാൻ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആൾക്കാരുടെ ചോയിസല്ലേ? നോർമലായ ഒരു വീടല്ല എന്‍റേത്. എന്‍റെ വീട്ടിൽ നോർമലായിട്ട് അമ്മ മാത്രമേയുള്ളൂ. എന്‍റെ വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമേയല്ല. എന്‍റെ വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് ഉണ്ടാകേണ്ട കാര്യമില്ല,' നിഖില പറഞ്ഞു.

Content Highlights: Actress Nikhila Vimal reacts to her sister's asceticism

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us