![search icon](https://www.reporterlive.com/assets/images/icons/search.png)
വലിയ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു 'ഇന്റെർസ്റ്റെല്ലാർ'. 2014ല്‍ ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ ചിത്രം കഴിഞ്ഞ ദിവസം റീ റിലീസിനെത്തിയിരുന്നു. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലും പുത്തൻ റിലീസുകൾ മറികടന്ന് വലിയ കളക്ഷനാണ് സിനിമ നേടുന്നത്.
റീ റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് നേടിയത് 2.50 കോടിയാണ്. ഐമാക്സ് ഉൾപ്പെടെ ചുരുക്കം ചില സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ റീ റിലീസ് ചെയ്തത്. വലിയ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിന് വെളുപ്പിന് ഷോ ആഡ് ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യയിൽ നിന്ന് ഇതുവരെയുള്ള സിനിമയുടെ മൊത്തം കളക്ഷൻ 15.50 കോടി രൂപയാണ്. ചുരുക്കം ദിവസം മാത്രമാണ് ചിത്രം ഇന്ത്യയിൽ പ്രദർശനം നടത്തുക എന്നതിനാൽ പ്രവര്‍ത്തി ദിനങ്ങളിലെ ടിക്കറ്റുകളില്‍ വലിയൊരു ശതമാനവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ഇതോടെ ഒരു ഹോളിവുഡ് റീ റിലീസ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് സിനിമ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. നിലവിൽ ഈ റെക്കോർഡ് ടൈറ്റാനിക്കിന്റെ പേരിലാണ്. 20 കോടിയായിരുന്നു ചിത്രം റീ റിലീസ് ചെയ്തപ്പോൾ നേടിയത്.
ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം ഐമാക്‌സിൽ ഏറ്റവും മികച്ച അനുഭവമാണ് നൽകുന്നതെന്നും ഇത്രയും വർഷങ്ങൾക്കിപ്പുറവും ചിത്രം ഒരു വിസ്മയമായി തുടരുന്നുവെന്നുമാണ് സിനിമ കണ്ടവർ എക്സിൽ കുറിക്കുന്നത്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.
Content Highlights: Christopher Nolan film Interstellar gets good collection from kerala