ഫോർട്ട് കൊച്ചിയിൽ നിന്ന് ഒരു സ്റ്റിൽ പോലും ഇടാൻ പറ്റില്ല, ഉടൻ ബിലാൽ തുടങ്ങുകയാണോ എന്ന ചോദ്യമാണ്; മനോജ് കെ ജയൻ

മുൻപൊരിക്കൽ ബിലാൽ എന്ന് വരുമെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി സിനിമ എപ്പോൾ വരണം എന്ന് തീരുമാനിക്കുന്നത് അമൽ നീരദ് ആണെന്നായിരുന്നു

dot image

ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ പോയിട്ട് ഒരു സ്റ്റിൽ പോലും ഇടാൻ കഴിയില്ലെന്നും ഉടൻ ബിലാൽ തുടങ്ങാൻ പോകുകയാണോ എന്ന് ചോദ്യം വരുമെന്നും നടൻ മനോജ് കെ ജയൻ. 'ചേട്ടാ, ബിലാൽ വരാൻ പോകുകയാണോ' എന്ന ചോദ്യത്തിന്റെ ബഹളമാണ് എല്ലായിടത്തും. ആ അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. അത്ര ആകാംഷയാണ് ആളുകൾക്ക് ആ സിനിമയ്ക്ക് മേൽ ഉള്ളതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞു.

'ഫോർട്ട് കൊച്ചിയിൽ പോയിട്ട് ഇപ്പോൾ ഒരു സ്റ്റിൽ ഇടാൻ പറ്റാത്ത അവസ്ഥയാണ്, ഉടൻ ചേട്ടാ ബിലാൽ തുടങ്ങാൻ പോകുകയാണോ എന്ന് ചോദിക്കും. സ്ക്രിപ്റ്റ് കുറച്ച് കൂടെ ആകാനുണ്ട് എന്നാണ് മുൻപ് അമൽ നീരദ് എന്നോട് പറഞ്ഞത് എനിക്ക് അതിന്റെ ശരിയായ കാരണം അറിയില്ല. അതിനിടയിൽ അമലിന് വേറെ പ്രോജെക്റ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല മമ്മൂക്കയുടെ ഡേറ്റും ഒത്തുവരണമല്ലോ അദ്ദേഹവും തിരക്കിലല്ലേ', മനോജ് കെ ജയൻ പറഞ്ഞു.

2007ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. 2017ൽ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രത്തെ ചുറ്റിപ്പറ്റി വരുന്ന എല്ലാ വിവരങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. മുൻപൊരിക്കൽ ബിലാൽ എന്ന് വരുമെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി സിനിമ എപ്പോൾ വരണം എന്ന് തീരുമാനിക്കുന്നത് അമൽ നീരദ് ആണെന്നായിരുന്നു. 'അപ്ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്' എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു ബിഗ് ബി. 2007ൽ റിലീസ് ചെയ്യുമ്പോൾ തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീട് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് സിനിമയിലുള്ളത്. കോവിഡിന് മുൻപ് ബിലാലിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായില്ല. 2022 ൽ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായി വീണ്ടും അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ചിരുന്നു.

Content Highlights: Manoj K Jayan talks about the hype around movie Bilal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us