ഇനി വരുന്നത് ശിവകാർത്തികേയന്റെ 'തുപ്പാക്കി', കംബാക്കിനൊരുങ്ങി മുരുഗദോസ്; 'SK 23' ടീസർ ഉടനെത്തും

'എസ്കെ 23' ഒരു വിൻ്റേജ് എ ആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്ന് മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു

dot image

ഒരു കാലത്ത് മികച്ച സിനിമകളിലൂടെയും തിരക്കഥകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്ത സംവിധായകനാണ് എ ആർ മുരുഗദോസ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല അദ്ദേഹത്തിന്. മോശം സിനിമകളും ബോക്സ് ഓഫീസിൽ പരാജയങ്ങളും മുരുഗദോസിനെ പിന്നോട്ടടിക്കുന്നുണ്ട്. എന്നാലിപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അദ്ദേഹം. ശിവകാർത്തികേയനൊപ്പമാണ് മുരുഗദോസിന്റെ അടുത്ത ചിത്രം. 'എസ്കെ 23' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിലും ടീസറും ശിവകാർത്തികേയന്റെ പിറന്നാൾ ദിനമായ ഫെബ്രുവരി 17 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. സിനിമയിൽ ഒരു ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനായി നടൻ ശിവകാർത്തികേയൻ റോപ്പുകൾ കെട്ടി ഒരു പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ ഒരുങ്ങി നിൽക്കുന്ന ലൊക്കേഷൻ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'എസ്കെ 23' ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്ന് മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. മലയാളി താരം ബിജു മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വളരെ ഇൻ്ററെസ്റ്റിങ് ആയ കഥാപാത്രമാണ് ബിജു മേനോന്റേത് എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്.

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.രജനി ചിത്രമായ ദർബാറിന് ശേഷം എആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് എസ്കെ 23. രുക്മിണി വസന്ത്, വിദ്യുത് ജംവാൽ, വിക്രാന്ത്, ഷബീർ കല്ലറക്കൽ, സഞ്ജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ എൻ വി പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം സുദീപ് ഇളമണും എഡിറ്റിംഗ് എ. ശ്രീകർ പ്രസാദും നിർവഹിക്കുന്നു.

Content Highlights: Sivakarthikeyan - murugados film SK 23 title out soon

dot image
To advertise here,contact us
dot image