'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം', ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

മോഹൻലാലിന് പുറമേ പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്.

dot image

പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നടൻ മോഹൻലാൽ. ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് മോഹൻലാൽ പിന്തുണ അറിയിച്ചത്. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാലിന് പുറമേ പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാമേഖല പണിമുടക്കിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പ്രതികരണവുമായാണ് ആന്റണി പെരുമ്പാവൂർ എത്തിയത്.

തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നുമാണ് സുരേഷ് കുമാറിനെതിരെയുള്ള പ്രതികരണമെന്ന രൂപത്തിൽ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, ആന്‍ണി പെരുമ്പാവൂരിനെതിരെ നിര്‍മാതാക്കളുടെ സംഘടന രംഗത്തിയിരുന്നു. സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യകത്മാക്കിയിരുന്നു. വാർത്താകുറിപ്പിലൂടെയായിരുന്നു ഈ പ്രതികരണം. അഭിനേതാക്കളുടെ സംഘടനയും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്.

Content Highlights: Mohanlal supports Anthony Perumbavoor

dot image
To advertise here,contact us
dot image