'200 ദിവസം ഷൂട്ട്, മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിയത് സിനിമ റിലീസ് ചെയ്ത് 25 ദിവസം കഴിഞ്ഞ്'; വീഡിയോ വൈറല്‍

"എനിക്ക് ഒത്തിരി പ്രശ്നങ്ങൾ ആ സിനിമയിൽ ഉണ്ടായിട്ടുണ്ട്. അന്ന് മുതൽ എന്റെ കൂടെ ഉള്ള ആളാണ് ആന്റണി പെരുമ്പാവൂർ"

dot image

മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കുറിച്ച് സംസാരിക്കുന്ന നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്‍റെ പഴയ വീഡിയോ വെെറലാകുന്നു. 200 ദിവസത്തോളം നീണ്ട ചിത്രീകരണം നടന്ന സിനിമയ്ക്ക് റിലീസ് ചെയ്ത് 25 ദിവസം കഴിഞ്ഞാണ് മോഹന്‍ലാല്‍ പ്രതിഫലം കെെപ്പറ്റിയതെന്ന് ടോമിച്ചന്‍ പറയുന്നതാണ് ഇപ്പോള്‍ വിവിധ സമൂഹമാധ്യമങ്ങളില്‍ വെെറലാകുന്നത്.

പുലിമുരുകൻ സിനിമയുടെ ചിത്രീകരണ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ മോഹൻലാലും ആന്റണി പെരുമ്പാവൂരും പണം തന്നു സഹായിച്ചെന്നും ടോമിച്ചൻ ഈ വെെറല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആന്റണി പെരുമ്പാവൂർ ചെയ്ത് തന്ന സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പുലിമുരുകൻ എന്ന സിനിമ ഞാൻ എടുത്തു. ആ സമയത്ത് ഷൂട്ടിംഗ് 50 ദിവസം, 100 ദിവസം, 150 ദിവസം കഴിഞ്ഞു. നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ സംസാരം ഇതുമാത്രമേയുള്ളൂ. ഇവന് എന്തോ സുഖമില്ല, പൈസ മുടക്കി കൊണ്ടിരിക്കുകയാണ് ഈ സിനിമാ ഇറങ്ങില്ല എന്നൊക്കെ പറഞ്ഞു. എനിക്ക് ഒത്തിരി പ്രശ്നങ്ങൾ ആ സിനിമയിൽ ഉണ്ടായിട്ടുണ്ട്. അന്ന് മുതൽ എന്റെ കൂടെ ഉള്ള ആളാണ് ആന്റണി പെരുമ്പാവൂർ.

ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും രാവിലെ എന്തേലും പ്രശ്നം ഉണ്ടോ ചേട്ടാ എന്ന് ചോദിച്ച് ആന്റണി വിളിക്കും. ഉദ്ദേശിച്ചതിന്‍റെ മൂന്നിരട്ടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. സാമ്പത്തികമായി പ്രശ്നം ഉണ്ടായിരുന്നു. ആന്റണിയും ലാൽ സാറുമാണ് സഹായിച്ചത്. ആ സിനിമയ്ക്ക് ഞാൻ ലാൽ സാറിന് പ്രതിഫലം കൊടുക്കുന്നത് റിലീസായി 25 ദിവസം കഴിഞ്ഞിട്ടാണ്. 200 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമയിൽ അഭിനയിക്കുകയും എന്നെ സാമ്പത്തികമായി അദ്ദേഹം സഹായിക്കുകയും ചെയ്തു. മലയാള സിനിമാ ലോകം അത് ഓർക്കേണ്ട കാര്യമാണ്. ആന്റണിയോട് പ്രത്യേകം നന്ദി പറയുന്നു,' ടോമിച്ചൻ മുളകുപാടം പറഞ്ഞു.

ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മിലുള്ള നിര്‍മാതാക്കളുടെ സംഘടനകളുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെയാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്. എമ്പുരാന്‍ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ടും താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുമെല്ലാം സുരേഷ് കുമാര്‍ നടത്തിയ വിവിധ പ്രസ്താവനകളോട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മറുപടി. ഇതിനിടെ എഎംഎംഎയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലും വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

Content Highlights: Producer Tomichan said that Mohanlal acted in the film without any remuneration

dot image
To advertise here,contact us
dot image