
അത്ര നല്ല തുടക്കമല്ല 2025 ൽ ബോളിവുഡിന് ലഭിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റേത് ഉൾപ്പെടെ നിരവധി സിനിമകൾ ജനുവരി മാസത്തിൽ പുറത്തിറങ്ങിയെങ്കിലും ഒരു സിനിമയ്ക്കും കാര്യമായ ചലനമുണ്ടാക്കാനായില്ല. മികച്ച പ്രതികരണം നേടിയ സിനിമകൾ പോലും ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. പ്രേക്ഷകർ ഫെബ്രുവരി റിലീസുകളിൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിക്കി കൗശൽ നായകനായ 'ഛാവ'. ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ചിത്രം ഇന്ന് തിയേറ്ററിലെത്തുകയാണ്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിനത്തിലെ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് 17.89 കോടിയോളമാണ്. ഇത് ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയാകും 'ഛാവ'. വിക്കി കൗശലിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡ് കൂടി ഛാവയുടെ പേരിലാകും. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഡിസംബർ ആറിനായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ഛാവയുടെ റിലീസ് മാറ്റിയത് വലിയ വാർത്തയായിരുന്നു.
രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രശ്മികയും വിക്കിയും ഒന്നിച്ചുള്ള പ്രൊമോഷനുകൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്ത്രീ 2, മീമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Content Highlights: Will Vicky kaushal film Chhaava save Bollywood ?