'ഞാനല്ല താരം, സജിൻ ​ഗോപുവാണ് താരം'; 'സരോജ് കുമാറാ'യി ചന്തു, വൈറലായി വീഡിയോ

'ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം. സജിൻ ​ഗോപുവാണ് താരം'

dot image

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പൈങ്കിളി മികച്ച പ്രതികരണവുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചന്തു സലിം കുമാറും സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്റെ കഥാപാത്രം തിയേറ്ററിൽ കയ്യടി വാങ്ങുമ്പോൾ, സോഷ്യൽ മീഡിയയിൽ ചന്തു ഇപ്പോൾ കയ്യടി വാങ്ങുന്നത് ഉദയനാണ് താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിലെ ഡയലോ​ഗ് അനുകരിച്ചാണ്. 'പൈങ്കിളി' എന്ന ചിത്രം പ്രദർശനത്തിന് എത്തിയതിന് പിന്നാലെയായിരുന്നു ചന്തുവിന്റെ പ്രതികരണം.

'ചന്തുവിന്റെ തിരിച്ചു വരവാണോ' എന്ന ചോദ്യം വന്നപ്പോൾ 'എന്റെ വരവും പോക്കുമൊന്നുമല്ലല്ലോ. എന്റെ ആദ്യത്തെ വരവ് തന്നെ അച്ഛന്റെ മേൽവിലാസത്തിലായിരുന്നു. താരങ്ങൾ ഉണ്ടാകുന്നത് ഇതുപോലുള്ള അഭിനേതാക്കൾ ഇതുപോലെ പെർഫോം ചെയ്തു വരുമ്പോഴാണ്. ബുദ്ധിയുള്ള ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്. ഞാനല്ല താരം. സജിൻ ​ഗോപുവാണ് താരം,' എന്നായിരുന്നു ചന്തുവിന്റെ വൈറൽ ഉത്തരം.

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു രോമാഞ്ചം, ആർ ഡി. എക്സ് , ആവേശം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

Content Highlights: Chanthu Salimkumar dialouge viral in social media

dot image
To advertise here,contact us
dot image