
നിര്‍മാതാക്കളുടെ സംഘടനയില്‍ ജി സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായനിലപാട് പങ്കുവെച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍. സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങളില്ലെന്നും എമ്പുരാന്‍ സിനിമയുടെ ബജറ്റ് സംബന്ധിച്ച് സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിന്റെ ഫേസബുക്ക് പോസ്റ്റിലേക്ക് നയിച്ചതെന്നും, ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട കാര്യം പരസ്യചര്‍ച്ചയ്ക്ക് വെക്കേണ്ടിയിരുന്നില്ലെന്നും ലിസ്റ്റിന്‍ സറ്റീഫന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ട്രഷററായ ലിസ്റ്റിന്‍ സ്റ്റീഫന്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
'പ്രസ്മീറ്റില്‍ ജി സുരേഷ് കുമാറും സിയാദ് കോക്കറും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ ഇടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായത്. ഈ അസോസിയേഷന് എന്നേക്കാള്‍ പ്രിയപ്പെട്ട വ്യക്തികളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും. അവര്‍ തമ്മില്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചിരുന്നെങ്കില്‍ തീരുമായിരുന്ന ഒരു കാര്യം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞുപോയി. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് വരുന്നു. അതൊക്കെ എത്ര ആവശ്യമുണ്ടായിരുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല.
അസോസിയേഷനിലെ ഒരു അംഗം നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് വൈസ് പ്രസിഡന്റ് പറഞ്ഞു എന്നുള്ളതാണ് ആ വാര്‍ത്താസമ്മേളനത്തിന് ശേഷം വലിയ പ്രശ്‌നമായതും അതാണ് ആന്റണിച്ചേട്ടന്‍ ഫേസ്ബുക്ക് പോസ്റ്റിടാന്‍ കാരണമായതും. തിയേറ്ററുകാരുടെ മുന്‍പില്‍ സിനിമ എത്തുന്നതിന് മുന്‍പ് പല ഘട്ടങ്ങളിലൂടെയുള്ള സിനിമയുടെ ബിസിനസ് നടക്കേണ്ടതുണ്ട്. അതിനിടയില്‍ സിനിമയുടെ ബജറ്റടക്കമുള്ളത് വെളിപ്പെടുത്തുന്നത് നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കും. അത് ആന്റണി ചേട്ടന്‍ രേഖപ്പെടുത്തിയതാണ്. അത്രയാണ് നടന്നിട്ടുള്ളത്.
പൊതുവെ സിനിമാവാര്‍ത്തകള്‍ക്ക് ആ അമിത വാര്‍ത്താപ്രാധാന്യം ലഭിക്കുന്നതുകൊണ്ട് ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായി. ഇത് സംഘടനയിലും പ്രശ്‌നങ്ങളുണ്ടാക്കി. അതുകൊണ്ടാണ് ഞാന്‍ ഈ വാര്‍ത്താസമ്മേളനം വിളിച്ചത്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളില്ല. സംഘടനയുടെ ഏത് തീരുമാനത്തിനൊപ്പവും, അത് ഇനി സമരമാണെങ്കിലും അതിനൊപ്പം മുന്നില്‍ നില്‍ക്കുന്നയാളാണ് ആന്റണി പെരുമ്പാവൂര്‍. സുരേഷേട്ടനും ആരെയെങ്കിലും വ്യക്തിപരമായി നോവിക്കാനോ ഇന്‍ഡസ്ട്രിയെ മോശമാക്കാനോ വേണ്ടി പറഞ്ഞതല്ല. സുരേഷ് കുമാറിനോടും ആന്റണി പെരുമ്പാവൂരിനോടും ഞാന്‍ സംസാരിച്ചിരുന്നു,' ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
താരങ്ങളുടെ പ്രതിഫലവും വര്‍ധിക്കുന്ന നിര്‍മാണച്ചെലവുമടക്കം സിനിമാമേഖലയിലെ വിവിധ പ്രതിസന്ധികളെ കുറിച്ച് സംസാരിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു പ്രസ് മീറ്റില്‍ ജി സുരേഷ് കുമാര്‍ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ മലയാള സിനിമാമേഖല പണിമുടക്കിലേക്ക് നീങ്ങുമെന്നും അസോസിയേഷന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ എമ്പുരാന്‍ സിനിമയുടെ ബജറ്റ് 141 കോടിയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഇതിനെതിരെ പ്രതികരണവുമായി എമ്പുരാന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ എത്തിയിരുന്നു. തിയേറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ് എന്നാണ് ആന്റണി പറഞ്ഞത്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിനിമയുടെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് മോഹന്‍ലാലടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് അനുചിതമായെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിലൂടെ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ മറുപടി നല്‍കിയിരുന്നു.
Content Highlights: Listin Stephen about Antony Perumbavoor and G Suresh Kumar issue