അഭിനേതാക്കള്‍ക്ക് പ്രതിഫലം മൂന്ന് ഘട്ടമായി; AMMAയ്ക്ക് നല്‍കിയ കത്തിലെ വിശദാംശങ്ങളുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

ആര്‍ടിസ്റ്റുകള്‍ക്ക് കൃത്യമായി പ്രതിഫലം ലഭിക്കാനുള്ള ഉത്തരവാദിത്തം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഏറ്റെടുക്കാം എന്നും കത്തിലുണ്ടായിരുന്നു

dot image

പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സിനിമ സംഘടനയായ എഎംഎംഎയ്ക്ക് നൽകിയ കത്തിലെ വിശദശാംശങ്ങൾ വെളിപ്പെടുത്തി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആർട്ടിസ്റ്റുകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് എഎംഎംഎയ്ക്ക് കത്ത് നൽകിയിരുന്നെന്നും എന്നാൽ കമ്മറ്റിക്ക് മാത്രമായി ഒരു തീരുമാനം പറയാൻ സാധിക്കില്ലെന്നും ഒരു ജനറൽ ബോഡി കൂടിക്കഴിഞ്ഞ് ഇതിൽ ഒരു മറുപടി തരാം എന്നാണ് എഎംഎംഎ തങ്ങളോട് പറഞ്ഞതെന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു.

'അഞ്ച് ലക്ഷത്തിന് മുകളിൽ പ്രതിഫലം വരുന്ന ആർട്ടിസ്റ്റുകൾക്ക് ഷൂട്ടിംഗ് സമയത്ത് പ്രതിഫലത്തിന്റെ 30 ശതമാനവും, ഡബ്ബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് മുൻപും കൊടുക്കാമെന്ന് തീരുമാനിച്ചു. ഡബ്ബിങ് കഴിഞ്ഞാൽ ആർട്ടിസ്റ്റുകൾക്ക് സിനിമയ്ക്ക് മേൽ ഒരു ഹോൾഡ് ഉണ്ടാകില്ല. നിർമാതാക്കൾ ചിലപ്പോൾ ബാക്കിവരുന്ന 40 ശതമാനം തരാതെയിരിക്കാം. അതുകൊണ്ട് അതിനുള്ള ഉത്തരവാദിത്തം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടുള്ള ഒരു കത്ത് ഞങ്ങൾ എഎംഎംഎ ക്ക് നൽകിയിരുന്നു. കാരണം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഒരു എൻഒസി കിട്ടിയാൽ മാത്രമേ സെൻസർ ബോർഡിൽ സെൻസർ ചെയ്യാൻ പറ്റൂ. ഇപ്പോൾ എഎംഎംഎയിൽ ഭൂരിഭാഗം ആർട്ടിസ്റ്റുകളും അഞ്ച് ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്നതിനാൽ കമ്മറ്റിക്ക് മാത്രമായി ഒരു തീരുമാനം പറയാൻ സാധിക്കില്ലെന്നും ഒരു ജനറൽ ബോഡി കൂടിക്കഴിഞ്ഞ് ഇതിൽ ഒരു മറുപടി തരാം എന്നാണ് എഎംഎംഎ ഞങ്ങളോട് പറഞ്ഞത്. എഎംഎംഎ എന്ന സംഘടനയുമായി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വളരെ നല്ല ബന്ധത്തിലാണ് പോകുന്നത്', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു.

ഇതിനെതിരെ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ എത്തിയിരുന്നു.

തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ് എന്നാണ് ആന്റണി പറഞ്ഞത്. സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാർത്താകുറിപ്പിലൂടെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

Content Highlights: listin stephen responds to suresh kumar press meet

dot image
To advertise here,contact us
dot image