
ഒരു ടൈംലൈനിൽ അഭിനേതാക്കളുടെ വാല്യൂ കൂടുന്ന സമയത്ത് അവർ ഉയർന്ന പ്രതിഫലങ്ങൾ ചോദിക്കുന്നു, അത് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ എന്നുള്ളത് നിർമാതാക്കൾക്ക് തീരുമാനിക്കാവുന്നതാണെന്ന് നടൻ വിനു മോഹൻ. നിർമാതാക്കൾക്ക് അഭിനേതാക്കളോട് സിനിമ നിർമിക്കാനാകില്ല എന്ന് ഒരിക്കലും പറയാനാകില്ല കാരണം സിനിമയിൽ ഒരു കാര്യം മാത്രമേ ചെയ്യാൻ പാടുള്ളു എന്നില്ല. സുരേഷ് കുമാർ ഉൾപ്പെടെയുയുള്ള നിർമാതാക്കൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്, അഭിനേതാക്കൾ തന്നെ സംവിധായകന്മാരാകുന്നുണ്ട്, നിർമാതാവാകുന്നുണ്ട്, ഫോട്ടോഗ്രാഫി ചെയ്യുന്നവരുണ്ടാകും. അതൊക്കെ അവരുടെ കഴിവിന് അനുസരിച്ച് ഓരോരുത്തർ ചെയ്യുന്നതാണ്. പ്രസ് മീറ്റിൽ എഎംഎംഎയെ നാഥനില്ലാ കളരി എന്നൊക്കെ വിശേഷിപ്പിച്ചതിൽ തങ്ങൾ കത്ത് വഴി പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടറിനോട് വിനു മോഹൻ പറഞ്ഞു.
'സുരേഷ് കുമാറിന്റെ പ്രസ് മീറ്റിൽ എഎംഎംഎ എന്ന അസോസിയേഷനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളെക്കുറിച്ചാണ് ഞങ്ങൾക്ക് ഭിന്നതയുണ്ടായിരുന്നത്. അതില്‍ ഞങ്ങൾ ഒരു കത്ത് വഴി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതെല്ലം അവരുടെ സംഘടനയുടെ അകത്തുള്ള കാര്യമാണ്. ഒരു ചർച്ചയിലൂടെ മാറാനാകുന്ന ഒരു കാര്യമേ ഉള്ളു എന്നാണ് ഞാൻ കരുതുന്നത്. എഎംഎംഎയെ നാഥനില്ലാ കളരി എന്നൊക്കെ വിശേഷിപ്പിച്ചതിൽ ഞങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ടൈംലൈനിൽ അഭിനേതാക്കളുടെ വാല്യൂ കയറി നിൽക്കുന്ന സമയത്ത് അവർ ഉയർന്ന പ്രതിഫലങ്ങൾ ചോദിക്കുന്നു, അത് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുന്നു എന്നുള്ളത് നിർമാതാക്കൾക്ക് തീരുമാനിക്കാവുന്നതാണ്. പണം മുടക്കുന്ന ഒരാൾക്ക് എനിക്ക് ആ പ്രോഡക്റ്റ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള റൈറ്റ് ഉണ്ട്. അഭിനേതാക്കൾ സിനിമ നിർമിക്കാൻ പാടില്ലെന്ന് പറയുമ്പോൾ നിർമാതാക്കൾ എത്രയോ പേർ അഭിനയിക്കുന്നുണ്ട്. സുരേഷ് കുമാർ തന്നെ അഭിനയിക്കുണ്ടല്ലോ. ഒരാൾക്ക് സിനിമയിൽ ഒരു കാര്യം മാത്രമേ ചെയ്യാൻ പാടുള്ളു എന്നില്ല. സിനിമയിൽ അഭിനേതാക്കൾ തന്നെ സംവിധായകന്മാരാകുന്നുണ്ട്, നിർമാതാവാകുന്നുണ്ട്, ഫോട്ടോഗ്രാഫി ചെയ്യുന്നവരുണ്ടാകും. അതൊക്കെ അവരുടെ കഴിവിന് അനുസരിച്ച് അവർ ചെയ്യുന്നതാണ്.
എല്ലാ സംഘടനകൾ തമ്മിലും ഒരു ഐക്യം വേണം. കാരണം സിനിമാമേഖലയിൽ ഒരുപാട് പേരാണ് ജോലി ചെയ്യുന്നത്. അഭിനേതാക്കളും, നിർമാതാക്കളും, ടെക്‌നിഷ്യൻസും എന്തിനേറെ പ്രൊഡക്ഷനിൽ വർക്ക് ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് പോലും ഇതൊരു അന്നമാണ്. അങ്ങനത്തെ ഒരു ഇൻഡസ്ട്രിയിൽ ഇത്തരമൊരു പ്രശ്നത്തെ വേഗം പരിഹരിക്കുകയും ഓരോ സംഘടനകളും ഒരു ഐക്യം നിലനിർത്തുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം', വിനു മോഹൻ പറഞ്ഞു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു.
Content Highlights: Many producers including suresh kumar are acting says Vinu Mohan