
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് മികച്ച സിനിമകളും വലിയ ബോക്സ്ഓഫീസ് വിജയങ്ങളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല. മോശം സിനിമകളും തുടർപരാജയങ്ങളും നിവിൻ പോളി എന്ന നടനെ പിന്നോട്ടവലിച്ചു. തന്റെ തടിയുടെ പേരിലും വലിയ വിമർശനങ്ങളാണ് നിവിൻ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ നിവിൻ പോളിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം രാത്രി തന്റെ സോഷ്യൽ മീഡിയയിലൂടെ നിവിൻ പോളി രണ്ട് ചിത്രങ്ങൾ പങ്കുവെച്ചു. ബ്രൗൺ ഷർട്ടും ബ്ലാക്ക് പാർട്ടുമിട്ട് മെലിഞ്ഞു പക്കാ സ്റ്റൈലിഷ് ആയിട്ടുള്ള ലുക്കിലാണ് നിവിൻ ചിത്രത്തിനുള്ളത്. നിമിഷ നേരങ്ങൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി സിനിമാതാരങ്ങളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'ഇത് നിവിൻ പോളി അല്ല നിവിൻ പൊളി' എന്നാണ് പേർളി മാണി കമന്റ് ചെയ്തിരിക്കുന്നത്. ശ്രിന്ദ, ടൊവിനോ തോമസ്, ആന്റണി വർഗീസ്, വിനീത് ശ്രീനിവാസൻ, നിഖില വിമൽ തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ ഇന്നലെ ഖത്തറിൽ എത്തിയിരുന്നു. ആ ചടങ്ങിൽ നിന്നുള്ള വീഡിയോകളും സ്റ്റില്ലുകളും ഇപ്പോൾ തന്നെ വൈറലാണ്. ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'. മലയാളത്തിൽ അബ്രിഡ് ഷൈൻ ചിത്രം 'ആക്ഷൻ ഹീറോ ബിജു 2' ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഇഷ്‌ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'ശേഖരവർമ രാജാവ്' എന്ന സിനിമയും നിവിന്റേതായി പുറത്തിറങ്ങാനുണ്ട്.
Content Highlights: Nivin Pauly's new pic goes viral