'ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല, ഞാൻ സമരത്തെ അനുകൂലിക്കുന്ന ആളല്ല'; ലിസ്റ്റിൻ സ്റ്റീഫൻ

സൂചനാ പണിമുടക്ക് നടത്തി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും നിർമാതാക്കൾ നേരത്തെ നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞിരുന്നു

dot image

മലയാള സിനിമയിലെ പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളതെന്നും നിർമാണ ചെലവ് കൂടുതലായതിനാൽ ജൂൺ ഒന്ന് മുതൽ സിനിമാ നിർമാണം നിർത്തിവെയ്ക്കുമെന്നും നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ നിലപാടില്‍ നിന്നും വ്യത്യസ്തമായി സംസാരിച്ചിരിക്കുകയാണ് സംഘടനയുടെ ഭാരവാഹികളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍.

ജൂൺ ഒന്ന് മുതൽ സമരം ചെയ്യും എന്നല്ല, ചർച്ചകൾ ഫലം ചെയ്തില്ലെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് പോകുമെന്നാണ് ഉദ്ദേശിച്ചതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. താൻ ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ലിസ്റ്റിൻ പറഞ്ഞു.

'നാളെ മുതൽ എന്ന് പറയുന്നതാണ് ഒരു സമരം. ജൂൺ മുതൽ ആരംഭിക്കാൻ പോകുന്നൊരു സമരം എന്ന് പറയുമ്പോൾ അതിനിടയ്ക്ക് ഒരുപാട് ചർച്ചകൾ നടക്കും. എഎംഎംഎ ആയിട്ടും ഫെഫ്ക ആയിട്ടും ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടക്കും. ഞാൻ ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ല. സമരം അല്ല എല്ലാത്തിനും പരിഹാരം. സമരത്തിന് മുൻപ് ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷയവും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ല. ഞങ്ങളുടെ സംഘടനയിൽ ഒരു ഭിന്നതയുമില്ല', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

സൂചനാ പണിമുടക്ക് നടത്തി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നായിരുന്ന നേരത്തെ നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നത്. ജൂണ്‍ ഒന്ന് മുതലായിരിക്കും പണിമുടക്കെന്നും ജി സുരേഷ് കുമാറും സിയാദ് കോക്കറുമടക്കമുള്ളവര്‍ പറഞ്ഞിരുന്നു. നിർമാതാക്കളുടെ ആവശ്യങ്ങൾ നിരാകരിച്ച് മുന്നോട്ടു പോയാൽ താരങ്ങൾ നിർമിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകളും അറിയിച്ചു. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഇതിനെതിരെ പ്രതികരണവുമായി നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ എത്തിയിരുന്നു. തിയേറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ് എന്നാണ് ആന്റണി പറഞ്ഞത്.

ഇതിന് പിന്നാലെ സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് അനുചിതമായെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിലൂടെ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ മറുപടി നല്‍കിയിരുന്നു.

Content Highlights: Listin Stephen about Antony Perumbavoor and G Suresh Kumar issue

dot image
To advertise here,contact us
dot image