'24 തവണ റിഹേഴ്സൽ ചെയ്തപ്പോഴും മോഹൻലാൽ ഒപ്പം നിന്നു'; നടൻ നൽകിയ പാഠത്തെക്കുറിച്ച് പ്രകാശ് രാജ്

'ആദ്യത്തെ ഷോട്ട് തന്നെ ലാലേട്ടനുമായി നടക്കുന്ന ഒരു ലോങ് ഷോട്ടാണ്. അതിന് വേണ്ടി ഞാന്‍ 24 തവണ റിഹേഴ്‌സല്‍ നടത്തി'

dot image

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ കാണും മണിരത്നം ഒരുക്കിയ ഇരുവർ. മോഹൻലാൽ, പ്രകാശ് രാജ് എന്നിവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും സിനിമ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങളെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇരുവർ എന്ന സിനിമയിൽ ചിത്രീകരിച്ച ആദ്യ രംഗം മോഹന്‍ലാലിനൊപ്പം നടക്കുന്ന ലോങ് ഷോട്ട് ആയിരുന്നെന്നും അതിന് 24 തവണ റിഹേഴ്‌സല്‍ ചെയ്യേണ്ടി വേണ്ടിവന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. അത്രയും തവണ മോഹന്‍ലാല്‍ തന്നോടൊപ്പം നിന്നു. അത് തനിക്ക് അത് വലിയൊരു പാഠമായിരുന്നെന്നും ബാബു രാമചന്ദ്രന് നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ് വ്യക്തമാക്കി.

'ആദ്യത്തെ ഷോട്ട് തന്നെ ലാലേട്ടനുമായി നടക്കുന്ന ഒരു ലോങ് ഷോട്ടാണ്. അതിന് വേണ്ടി ഞാന്‍ 24 തവണ റിഹേഴ്‌സല്‍ നടത്തി. ആ 24 തവണയും അദ്ദേഹം എന്റെ കൂടെ റിഹേഴ്‌സല്‍ ചെയ്തു. എനിക്ക് അത് വലിയൊരു പാഠമായിരുന്നു. എന്നെ പുതിയൊരു നടനായിട്ടല്ല അദ്ദേഹം കണ്ടത്. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും വലിയ ക്വാളിറ്റിയാണത്. ഒരു നടന്‍ എന്ന നിലയില്‍ സ്വന്തം അഭിനയത്തെപ്പറ്റി യാതൊരു ആശങ്കയും അദ്ദേഹത്തിനില്ല. അത് എനിക്ക് ഒരു വലിയ പാഠമായിരുന്നു. അത്തരത്തിലുള്ള മികച്ച അഭിനേതാക്കൾ നിങ്ങളുടെ മുന്നിൽ അഭിനയിക്കുമ്പോൾ, നിങ്ങളുടെ അഭിനയവും മികവുറ്റതാകുന്നു. അദ്ദേഹം ഒരു മഹത്തായ അഭിനേതാവാണ്,' എന്ന് പ്രകാശ് രാജ് പറഞ്ഞു.

1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇരുവർ. ചിത്രത്തില്‍ ആനന്ദനായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. തമിഴ് സെൽവൻ എന്ന വേഷമാണ് പ്രകാശ് രാജ് അവതരിപ്പിച്ചത്. മണിരത്‌നവും സുഹാസിനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഐശ്വര്യ റായ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇരുവര്‍. എആർ റഹ്മാൻ സംഗീതം നൽകിയ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ് ശിവൻ ആയിരുന്നു.

Content Highlights: Prakash Raj talks about acting with Mohanlal in Iruvar movie

dot image
To advertise here,contact us
dot image