![search icon](https://www.reporterlive.com/assets/images/icons/search.png)
ബാലതാരമായും ഡാൻസർ ആയും മലയാളികൾക്ക് സുപരിചിതനായ നടനാണ് റംസാൻ. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുകയാണ് റംസാൻ ഇപ്പോൾ. 'നീ ഇരിയ്‌ക്കേണ്ടിടത്ത് നീ തന്നെ ഇരിയ്ക്കണമെന്ന്' മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നത് ഓർക്കുകയാണ്
നടൻ ഇപ്പോൾ. മമ്മൂട്ടിയ്‌ക്കൊപ്പം പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചത് അദ്ദേഹം ഓർത്തു പറഞ്ഞെന്നും റംസാൻ പറഞ്ഞു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'ഭീഷ്മ പർവ്വം സിനിമയുടെ പ്രസ് മീറ്റിന്റെ സമയത്താണ് മമ്മൂക്ക പറയുന്നത് 'നീ ഇരിക്കേണ്ടിടത്ത് നീ തന്നെ ഇരിയ്ക്കണം എന്ന്'. അതിനു ശേഷം വിദേശത്ത് ഒരു പരിപാടിയിൽ മമ്മൂക്ക ഉണ്ടായിരുന്നു. ആ സമയത്ത് ഫ്രീ ആകുമ്പോൾ ഞാൻ മമ്മൂക്കയെ ചുറ്റിപറ്റി നിൽക്കും. അന്ന് അദ്ദേഹം വിളിച്ചു സംസാരിച്ചു. അന്നും ഞാൻ അദ്ദേഹത്തിനോട് പട്ടണത്തിൽ ഭൂതത്തിൽ ഞാൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടില്ല. എങ്ങാൻ അത് ഓർമയില്ലെങ്കിൽ എനിക്കും വിഷമമാകും. പിന്നീട് അദ്ദേഹം എന്നോട് വന്ന് പറയുമ്പോൾ ഞാൻ ഞെട്ടിപ്പോയി.
പട്ടണത്തിൽ ഭൂതത്തിൽ നീയൊക്കെ ചെറിയ പയ്യനായിരുന്നു ഒക്കത്ത് വെച്ചോണ്ട് നടന്ന ചെക്കൻ വലുതായെന്നു പറഞ്ഞു. ആ സിനിമയിൽ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരുടെ കാര്യവും അദ്ദേഹം പറഞ്ഞതാണ് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. മമ്മൂക്കയുടെ ഓർമശക്തിയെ കുറിച്ച് എല്ലാവരും പറഞ്ഞു കേട്ടിട്ടേയുള്ളു, ഞാൻ ആദ്യമായാണ് അത് അനുഭവിക്കുന്നത്. ഞാൻ അങ്ങോട്ട് പറയാതെ അദ്ദേഹം ഓർത്തിരിക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്,' റംസാൻ പറഞ്ഞു.
അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായാണ് റംസാന്‍ എത്തുന്നത്.
സിനിമ ഫെബ്രുവരി 20ന് റിലീസ് ചെയ്യും.
Content Highlights: Ramzan about mammootty