എമ്പുരാന്‍ പ്രൊമോഷന്‍, പക്ഷെ സ്റ്റാറായത് വേല്‍മുരുകന്‍; അങ്ങ് തമിഴ്‌നാട്ടിലും മോഹന്‍ലാല്‍ വൈബ് ഓണ്‍

കോയമ്പത്തൂരില്‍ വെച്ച് നടന്ന പ്രൊമോഷന്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

dot image

എമ്പുരാന്റെ പ്രമോഷന്‍ പരിപാടികള്‍ തമിഴ്‌നാട്ടിലും ആരംഭിച്ചിരിക്കുകയാണ്. ടീസര്‍ ലോഞ്ചിന് ശേഷം നടക്കുന്ന രണ്ടാമത്തെ പ്രമോഷന്‍ ഇവന്റ് കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളേജില്‍ വെച്ചായിരുന്നു നടന്നത്. മോഹന്‍ലാലും പൃഥ്വിരാജും പങ്കെടുത്ത പരിപാടിയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

വലിയ ജനക്കൂട്ടമായിരുന്നു പരിപാടിയിലേക്ക് എത്തിച്ചേര്‍ന്നത്. പ്രോഗ്രാമിന്റെ ഔദ്യോഗിക വീഡിയോസ് പുറത്തുവന്നിട്ടില്ലെങ്കിലും ഫോണുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോഹന്‍ലാലിനെ ആര്‍പ്പുവിളികളോടെയായിരുന്നു കാണികള്‍ സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ തനിക്കും ചിത്രത്തിനും കാണികള്‍ നല്‍കിയ സ്വാഗതത്തിന് മോഹന്‍ലാലും നന്ദി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നരന്‍ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടായ വേല്‍മുരുകാ.. വെച്ചുകൊണ്ടുള്ള ഡാന്‍സും അവതരിപ്പിച്ചിരുന്നു. ഈ സമയത്ത് പാട്ടിനൊപ്പം ആഘോഷപൂര്‍വം ചുവടുവെക്കുന്ന കാണികളുടെ വീഡിയോ വൈറലാകുന്നുണ്ട്. എമ്പുരാന്റെ പ്രമോഷനിടയിലും താരമാകുന്നത് വേല്‍മുരുകനാണെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍. കേരളത്തില്‍ മാത്രമല്ല, വേല്‍മുരുകന്‍ ചെല്ലെന്നിടത്തെല്ലാം ഹിറ്റാണെന്നും കമന്റുകളുണ്ട്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് പൂര്‍ത്തിയായതായി സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും പാട്ടും പുറത്തുവന്നിട്ടുണ്ട്. രണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും അഭിനേതാക്കളുടെ വീഡിയോസും ചിത്രത്തെ കുറിച്ചുള്ള ഹൈപ്പ് ഓരോ ദിവസവും വര്‍ധിപ്പിക്കുകയാണ്.

ആശിര്‍വാദിനൊപ്പം തമിഴ്‌നാട്ടിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 2025 മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ കാണിച്ചു തരുമെന്നും വാര്‍ത്തകളുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.

Content Highlights: Empuraan promotions at coimbatore, videos go viral

dot image
To advertise here,contact us
dot image