
സംവിധായകൻ ആകുമ്പോഴുള്ള സാമ്പത്തിക ഞെരുക്കം ഇല്ലാതാക്കാനാണ് താനൊരു നടൻ ആയതെന്ന് ബേസിൽ ജോസഫ്. എന്നാൽ അഭിനയം ഇപ്പോൾ പാർട്ട് ടൈം ജോലിയായി കാണാൻ സാധിക്കില്ലെന്നും ബേസിൽ ജോസഫ് പറഞ്ഞു. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബേസിലിന്റെ പ്രതികരണം.
'ഒരു പാർട് ടൈം ആക്ടർ എന്ന നിലയ്ക്കാണ് ഞാൻ അഭിനയം ആരംഭിച്ചത്. ഒരു സുഹൃത്തിന്റെ സിനിമയിലേക്ക് എന്നെ അഭിനയിക്കാനായി വിളിക്കുകയും ആ കഥാപാത്രം അന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിന് ശേഷം എനിക്ക് മറ്റൊരു കഥാപാത്രം കിട്ടി. ഒരു സംവിധായകൻ ആകുമ്പോഴുള്ള സാമ്പത്തിക ഞെരുക്കത്തെ തടയാൻ വേണ്ടിയാണ് ഞാൻ ഒരു നടൻ ആയത്. ഒരു സംവിധായകൻ ആയിരിക്കുമ്പോൾ നടന്മാരുടെ ഡേറ്റിന് വേണ്ടി നമുക്ക് ഒരുപാട് കാലം കാത്തിരിക്കേണ്ടതായി വരാറുണ്ട്. ആ കാത്തിരിക്കുന്ന സമയമാണ് അഭിനയത്തിലൂടെ ഞാൻ നികത്തുന്നത്. ഇതിലൂടെയാണ് എനിക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള സ്ഥിരത ലഭിച്ചത്. ഒരു പ്രൊജക്ട് ചെയ്യണം എന്നല്ല, ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. നടൻ എന്നത് സാമ്പത്തികമായി ഒരു സ്ഥിരത കൈവരിക്കാനും എൻ്റെ സൗകര്യത്തിനനുസരിച്ച് മാത്രം സിനിമകൾ ചെയ്യാനും അല്ലെങ്കിൽ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രം അത് ചെയ്താൽ മതി എന്ന് തീരുമാനിക്കാനും എന്നെ സഹായിച്ചിട്ടുണ്ട്.
ഒരു നടൻ എന്ന നിലയിൽ സിനിമകൾ നേടുന്ന വിജയം എന്നിലുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഒരുപാട് പ്രതീക്ഷകളോടെയാണ് സംവിധായകരും എന്റെ അടുത്തേക്ക് വരുന്നത്. അതൊരു അധിക ഉത്തരവാദിത്തം കൂടിയാണ്. അതുകൊണ്ട് തന്നെ അഭിനയം ഇപ്പോൾ ഒരു പാർട് ടൈം ജോലിയായി കാണാൻ സാധിക്കില്ല. ഒരു നടൻ എന്ന നിലയിൽ ഞാൻ ഇപ്പോൾ കൂടുതലായി പരിശ്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും അഭിനയത്തേക്കാൾ മുകളിൽ ഞാൻ സംവിധാനം തന്നെയാണ് തിരഞ്ഞെടുക്കുക.
ഇപ്പോൾ മലയാള സിനിമയുടെ മികച്ച സമയം ആണ്. ഈ ഇൻഡസ്ട്രി ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയത്ത് അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മലയാള സിനിമ മുന്നോട്ട് വെക്കുന്ന വിഷയങ്ങളും കലാകാരന്‍മാരും കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ഇനി വരാനിരിക്കുന്ന അഞ്ച് - പത്ത് വര്‍ഷങ്ങള്‍ മലയാള സിനിമയുടെ സുവര്‍ണകാലമായിരിക്കുമെന്നാണ് കരുതുന്നത്. മലയാള സിനിമ ആഗോള തലത്തിലേക്ക് ഉയരും,' ബേസിൽ ജോസഫ് പറഞ്ഞു.
Content Highlights: Basil Joseph said that he became an actor to prevent financial stress