
മാർക്കോ എന്ന വൻ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. കോഹിനൂർ, കിളി പോയി എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും ഗെറ്റ് സെറ്റ് ബേബി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അർജുൻ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം ഫെബ്രുവരി 21 ന് റിലീസിനെത്തും.
നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ശ്യാം മോഹൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വയലൻസ് ആക്ഷൻ സിനിമകളിൽ നിന്ന് മാറി ഒരു ഫാമിലി കോമഡി ചിത്രമായിട്ടാണ് ഗെറ്റ് സെറ്റ് ബേബി ഒരുങ്ങുന്നത്. വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
മോഹൻലാലിൻറെ ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. അതേസമയം, ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമായ മാർക്കോ 100 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും ആക്ഷൻ സീനുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആയിരുന്നു മാർക്കോ നിർമിച്ചത്. ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീർ അഭിപ്രയമാണ് ലഭിക്കുന്നത്.
Content Highlights: Unni mukundan film Get set baby trailer out now