'എന്തിനും 'അമ്മ'യുടെ നെഞ്ചത്തേക്ക് കയറുന്നത് ശരിയല്ല, ജയൻ ചേർത്തലയ്ക്ക് പൂർണ പിന്തുണ': ബാബുരാജ്

'ജയന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല, സംഘടനയുടെ അഭിപ്രായമാണ്. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയത്.'

dot image

നിര്‍മാതാക്കളുടെ സംഘടന നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ ജയന്‍ ചേര്‍ത്തലയ്ക്ക് പിന്തുണയുമായി താരസംഘടനയായ AMMA യുടെ അഡ് ഹോക് കമ്മിറ്റിയുടെ ചുമതലയുള്ള നടന്‍ ബാബുരാജ്. ജയൻ പറഞ്ഞത് സംഘടനയുടെ അഭിപ്രായമാണെന്നും മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയതെന്നും ബാബുരാജ് പറഞ്ഞു. എന്തുകാര്യം വന്നാലും AMMA യുടെ നെഞ്ചത്തേക്ക് കയറുന്നത് ശരിയല്ലെന്നും സംഘടന കുറ്റക്കാരെന്ന് പറയുന്നത് തെറ്റാണെന്നും ബാബുരാജ്. വണ്‍ ടു ടോക്‌സ് ഓണ്‍ലൈന്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജയന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല. സംഘടനയുടെ അഭിപ്രായമാണ് പറഞ്ഞത്. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയത്. പണം നല്‍കിയതിന് രേഖകളുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തിന് അമ്മ മറുപടി കൊടുക്കും. മറുപടി കൊടുക്കാനുള്ള രേഖകളെല്ലാം തങ്ങളുടെ കൈവശമുണ്ട്. ജയന്‍ പറഞ്ഞത് വ്യക്തിപരമായ കാര്യമല്ല, സംഘടനയുടെ കാര്യമാണ്. ജയന് അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ബാബുരാജ് പറഞ്ഞു.

വിവാദങ്ങളെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചുതീര്‍ക്കേണ്ട കാര്യങ്ങളാണ്. ഇവര്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കണ്ട് സംസാരിച്ചാല്‍ തീരാവുന്ന കാര്യങ്ങളേയുള്ളൂ. എല്ലാവരും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ആളുകളാണ്. എന്തുകാര്യം വന്നാലും സംഘടനയുടെ നെഞ്ചത്തേക്ക് കയറുന്നത് ശരിയല്ല. എന്തിനും അമ്മയാണ് കുറ്റക്കാരെന്ന് പറയുന്നത് തെറ്റാണ്.

'ടൊവിനോ ഹെലികോപ്റ്റര്‍ ചോദിച്ചു എന്നാരോ പറയുന്നത് കേട്ടു. അത് തെറ്റായ പ്രസ്താവനയാണ്. അങ്ങനെയാണെങ്കില്‍ നമ്മളും നോട്ടീസ് അയക്കണ്ടേ? ഇല്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊക്കെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കേ പോവുകയുള്ളൂ. പ്രശ്‌നങ്ങള്‍ തീരട്ടെ എന്ന് കരുതിയാണ് സംയമനം പാലിച്ചത്. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെയല്ല തോന്നുന്നത്.

'സിനിമാ സമരത്തിന് സംഘടന എതിരാണ്. എന്ന് സമരം തുടങ്ങുന്നോ അന്ന് വേറെ സിനിമ തുടങ്ങുമെന്നാണ് സംഘടനയിലെ യുവാക്കളുടെ അഭിപ്രായം. സിനിമാ സമരം പരിഹാരമല്ല, ഇതൊക്കെ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട കാര്യമാണ്. സമരം സര്‍ക്കാരിനെതിരെയാണെങ്കില്‍ അത് വ്യക്തമാക്കട്ടെ. സര്‍ക്കാരിനെതിരെയാണെങ്കില്‍ എല്ലാവരും കൂടെയല്ലേ അത് നടത്തേണ്ടത്. ഞങ്ങള്‍ക്ക് തന്ന കത്തില്‍ ശമ്പളത്തിന്റെ കാര്യമാണ് പറഞ്ഞത്', ബാബുരാജ് പറഞ്ഞു.

അതേസമയം, നടനും എഎംഎംഎ മുൻ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. ജയൻ ചേർത്തല നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശത്തിലാണ് കേസ് നൽകിയിരിക്കുന്നത്. ജയൻ ചേർത്തലയ്ക്ക് സംഘടന വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. കടക്കെണിയിലായ നിർമാതാക്കളുടെ സംഘടന AMMAയിൽ നിന്ന് പണം വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിർമാതാക്കളുടെ സംഘടന പറയുന്നു. കെട്ടിടം വയ്ക്കണമെന്ന ആവശ്യവുമായി നിർമാതാക്കളുടെ സംഘടന സമീപിച്ചപ്പോൾ അമ്മ ഒരു കോടി നൽകിയെന്നാണ് ജയൻ ചേർത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ പിൻവലിച്ച് ജയൻ ചേർത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു.

Content Highlights: Baburaj says he fully supports Jayan Cherthala

dot image
To advertise here,contact us
dot image