
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒടിടി റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ സിനിമയിലെ ഒരു ഡിലീറ്റഡ് സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിയാസ് ഖാൻ ഉൾപ്പെടുന്ന ആ രംഗങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മൂന്നു മിനിറ്റിലേറെ ദൈർഘ്യമുള്ള രംഗങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ ഫൈറ്റ് സീനാണിത്. നായിക യുക്തി തരേജയും സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നായികയെ ബസിൽ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയിൽ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാൻ എത്തുന്നത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും തമ്മിൽ ഫൈറ്റും ഈ രംഗത്തിലുണ്ട്.
ഈ രംഗങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ വരുന്ന കമന്റുകളാണ് ശ്രദ്ധേയമാകുന്നത്. ഈ രംഗം എന്തുകൊണ്ട് ഒഴിവാക്കി എന്ന് ചിലർ ചോദ്യം ഉന്നയിക്കുമ്പോൾ മറുഭാഗത്ത് ഏറെ ട്രോളുകളും വരുന്നുണ്ട്. 'നന്നായി മോനെ ഈ സീൻ ഡിലീറ്റ് ചെയ്തത്', 'ഇത് ഡിലീറ്റ് ചെയ്ത എഡിറ്ററിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ' എന്നിങ്ങനെ പോകുന്നു ട്രോളുകൾ.
😆😃#Marco #unnimukundan pic.twitter.com/8a4xJttPAn
— Nambeeshan (@Nambeesan_vakel) February 16, 2025
റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുൻപ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ, ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ അൺകട്ട് വേർഷന് പകരം തിയേറ്റർ പതിപ്പ് തന്നെയാണ് ഒടിടിയിലുമെത്തിയത്. ഇതിന് പിന്നാലെയാണ് റിയാസ് ഖാൻ ഉൾപ്പെടുന്ന സീൻ ‘ഡിലീറ്റഡ് സീൻ’ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
അതേസമയം ചിത്രമിപ്പോൾ സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുകയാണ്. ഒടിടിയിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് മാർക്കോയെന്നും മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.
കേരളത്തിന്റെ കെജിഎഫ് ആണ് മാർക്കോ എന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന്റെ മ്യൂസിക്കിനെപ്പറ്റിയും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ചിത്രം ഒടിടി റിലീസിൽ തമിഴ്, തെലുങ്ക് പ്രേക്ഷകരെ വളരെയധികം തൃപ്തിപ്പെടുത്തിയെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
Content Highlights: Marco movie Riyaz Khan deleted scene viral in social media