നായികയെ തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടം നോക്കി, നിർമാതാവിന് കാൽ പിടിക്കേണ്ട അവസ്ഥ: ശ്രീകുമാരൻ തമ്പി

കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണ്

dot image

സിനിമാതാരങ്ങളുടെ പ്രതിഭലം സംബന്ധിച്ച വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി ശ്രീകുമാരൻ തമ്പി. എല്ലാ തൊഴിൽ മേഖലകളിലും പണം മുടക്കുന്ന വ്യക്തി മുതലാളിയും പ്രതിഫലം വാങ്ങുന്നവർ തൊഴിലാളികളുമാണ്. എന്നാൽ സിനിമാ മേഖലയിലെ സ്ഥിതി വിപരീതമാണെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു. ഒരു സിനിമയിലെ നായികയെയും സാങ്കേതികവിദഗ്ധരെയും തീരുമാനിക്കുന്നത് പോലും താരങ്ങളുടെ ഇഷ്ടം നോക്കിയാണ്. താൻ ഇത് കുറിക്കുന്നത് കവി, സംവിധായകൻ എന്നീ നിലകളിലല്ല, മറിച്ച് നിരവധി സിനിമകൾ നിർമിച്ച നിർമാതാവ് എന്ന നിലയിലാണെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'ഏതു തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ. തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നതുപോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം,'

'അഭിനേതാക്കൾ സ്വന്തമായി പടം എടുക്കരുതെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും അവർ നിർമാണരംഗത്തു വരണം. എങ്കിൽ മാത്രമേ നിർമാതാവിന്റെ അവസ്ഥ അവർ മനസ്സിലാക്കൂ. കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ്
എന്ന നിലയിലാണ്,' എന്ന് ശ്രീകുമാരൻ തമ്പി കുറിച്ചു.

Content Highlights: Sreekumaran Thampi comments on Malayalam Cinema issue

dot image
To advertise here,contact us
dot image