മൂന്ന് ദിവസംകൊണ്ട് 150 കോടി, ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി 'ഛാവ'

സിനിമയുടെ ഇന്ത്യന്‍ കളക്ഷന്‍ 139.75 കോടിയാണ് എന്നാണ് റിപ്പോർട്ട്.

dot image

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മൂന്നു ദിവസത്തിനിടെ 150കോടി രൂപ നേടിയിരിക്കുകയാണ് ചിത്രം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് ഛാവ കടക്കുന്നത്. റിലീസ് ചെയ്ത് മൂന്നു ദിവസത്തിനിടെ 140കോടി നേടിയ അക്ഷയ് കുമാര്‍ ചിത്രം സ്കൈഫോഴ്സിനെയും പിന്നിലാക്കിയാണ് ഛാവ മുന്നേറുന്നത്. സാക്നിൽക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള ബോക്സോഫീസ് കളക്ഷൻ 165.75കോടിയാണ് ഛാവ നേടിയിരിക്കുന്നത്. ഇന്ത്യന്‍ കളക്ഷന്‍ 139.75 കോടിയാണ്. സിനിമ വിദേശത്ത് 25 കോടിയിലേറെ കളക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ട്.

രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രശ്മികയും വിക്കിയും ഒന്നിച്ചുള്ള പ്രൊമോഷനുകൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. നേരത്തെ ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിച്ചത്. സ്ത്രീ 2, മീമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlights: Vicky Kaushal's film Chhava collected 150 crores in three days

dot image
To advertise here,contact us
dot image