
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഒരു വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു ചെറിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്.
ലൂസിഫർ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയാണ് പറഞ്ഞതെങ്കിൽ എമ്പുരാൻ ഖുറേഷി അബ്‌റാം എന്നയാളുടെ ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകുന്ന സിനിമയാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്. 'എമ്പുരാൻ ഒരു വേൾഡ് ബിൽഡിങ്ങിന്റെ സിനിമയാണ്. മറ്റൊരു പ്രശ്നത്തിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനായി വീണ്ടുമെത്തുന്ന ഖുറേഷി അബ്‌റാമിന്റെ കഥയാണ് സിനിമ പറയുന്നത്', പൃഥ്വിരാജ് കൂട്ടിച്ചേർത്തു. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളേജില്‍ വെച്ച് നടന്ന സിനിമയുടെ പ്രൊമോഷണൽ ഇവെന്റിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്റാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
അതേസമയം ചിത്രം ഐമാക്സിലും റിലീസിനെത്തുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകിയത്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിൽ എത്തുകയാണെങ്കിൽ അത് കളക്ഷന്‍ വലിയ തോതിൽ വർധിപ്പിക്കാൻ കാരണമാകും. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan is all about khureshi Abraam says Prithviraj