
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് മദ്രാസി. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ ശിവകാർത്തികേയന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരുന്നു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംവിധായകൻ തന്നെ തുറന്നുപറഞ്ഞിരിക്കുകയായിരുന്നു. ഗജിനിയിൽ സൂര്യയുടെ കഥാപാത്രത്തിന് ഉണ്ടായിരുന്ന മെമ്മറി ലോസ്, തുപ്പാക്കിയിലെ സ്ലീപ്പർ സെൽസ് പോലെ ഈ സിനിമയിലും ശിവകാർത്തികേയന്റെ കഥാപാത്രത്തിന് ഒരു പ്രത്യേക 'എലമെന്റ്' ഉണ്ടാകുമെന്നും ചെന്നൈ ടൈംസിന് നൽകിയ അഭിമുഖത്തിൽ മുരുഗദോസ് പറഞ്ഞു.
നോർത്ത് ഇന്ത്യയിലെ കഥാപാത്രങ്ങളുടെ പോയിന്റ് ഓഫ് വ്യൂവിൽ ആണ് ഈ സിനിമ കഥ പറയുന്നതെന്നും മുരുഗദോസ് പറഞ്ഞു. മദ്രാസി എന്നത് നോർത്ത് ഇന്ത്യക്കാർ സൗത്ത് ഇന്ത്യൻസിനെ വിളിക്കുന്ന പേരാണ്. നോർത്തിൽ ഉള്ളവർ നമ്മളെ എങ്ങനെയാണ് കാണുന്നത് എന്നതിനെക്കുറിച്ച് പറയുന്ന സിനിമയായതിനാൽ ഈ ടൈറ്റിൽ വളരെ ചേരുന്നതാണെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വിദ്യുത് ജംവാൽ നോർത്തിൽ വലിയ താരങ്ങളുടെ വില്ലനായി പോലും അഭിനയിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ ഞാൻ ഈ കഥാപാത്രവുമായി ചെന്നപ്പോൾ സ്ക്രിപ്റ്റ് എന്തുമായിക്കൊള്ളട്ടെ ഞാൻ ഈ സിനിമ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജു മേനോനും ഷബീർ കല്ലറയ്ക്കലിനും സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ ആണുള്ളത്. 12 ദിവസം നീണ്ടു നിൽക്കുന്ന ഒരു ക്ലൈമാക്സ് ഫൈറ്റ് മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഈ ക്ലൈമാക്സ് ഷൂട്ട് പൂർത്തിയായാൽ ഉടൻ ഞങ്ങൾ ബിജിഎം വർക്കുകൾ ആരംഭിക്കും', എ ആർ മുരുഗദോസ് പറഞ്ഞു.
ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. രജനികാന്ത് ചിത്രമായ ദർബാറിന് ശേഷം എആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണിത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ , പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
Content Highlights: AR murugados talks about Sivakarthikeyan film Madhrasi