
റൈഫിൾ ക്ലബ്ബ് ചിത്രത്തിൽ തോക്ക് കിട്ടാതിരുന്നതിൽ വിഷമം ഉണ്ടായിരുന്നെന്ന് റംസാൻ. ക്ലൈമാക്സ് രംഗത്തിൽ തോക്ക് ചോദിച്ച് വാങ്ങി പിടിച്ചതാണെന്നും റംസാൻ പറഞ്ഞു. ചിത്രത്തിലെ മറ്റു അഭിനേതാക്കൾ എല്ലാവരും തമ്മിൽ ബോണ്ടിങ് ഉണ്ടായിരുന്നുവെന്നും റംസാന്‍ പറയുന്നു. അനുരാഗ് കശ്യപ് വളരെ ഫൺ ആയ മനുഷ്യനാണെന്നും അദ്ദേഹം തന്റെ ഡാൻസ് വീഡിയോസ് കണ്ടിട്ടുണ്ടായിരുന്നുവെന്നും റംസാന്‍ അനുഭവം പങ്കുവെച്ചു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അനുരാഗ് കശ്യപ് അടിപൊളി മനുഷ്യനാണ്. ലൊക്കേഷനിൽ ഫൺ ആയിരുന്നു. സാർ വന്നിരുന്ന് ആദ്യ ദിവസം എല്ലാരോടും സംസാരിച്ചു. എന്നിട്ട് സാർ പോയി. പിന്നീട് അടുത്ത ദിവസം എന്നെ തട്ടി വിളിച്ച് അദ്ദേഹം പറഞ്ഞു നിങ്ങൾ എന്റെ ഫോണിൽ ഫീഡിൽ വന്നു എന്ന്. എങ്ങനെ എന്ന് ഞാൻ ചോദിച്ചു. അറിയില്ല ഈ ഫോൺ എല്ലാം കേൾക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹം അതിന് മറുപടി നൽകിയത്. ഞാൻ ഡാൻസർ ആണ് എന്റെ പേര് ഇതാണ് എന്ന് മാത്രമേ അദ്ദേഹത്തിനോട് ഞാൻ പറഞ്ഞിരുന്നുള്ളൂ. സുരഭി ആണ് എല്ലാരെക്കുറിച്ചും തള്ളി കയറ്റി വിടുന്നത്. അദ്ദേഹവും വളരെ ഫ്രീ ആയിട്ടാണ് അവിടെ നിന്നതും. ആ ലോക്കഷനിലെ മുഴുവൻ ആളുകളും അത്രയും ഫൺ ആയിരുന്നു.
38 ദിവസത്തോളം ആ ലൊക്കേഷനിൽ ആയിരുന്നു. എല്ലാരും തമ്മിൽ ബോണ്ട് ഇല്ലെങ്കിൽ അവിടെ ഈഗോ വരാനുള്ള ചാൻസ് ഉണ്ട്. എല്ലാരും പാവങ്ങൾ ആയിരുന്നു. കുട്ടേട്ടൻ നമ്മുടെ അടുത്ത് വന്ന് സംസാരിക്കുന്നതും പഴയ കഥകൾ പറയുന്നതും എല്ലാം കേട്ടിരിക്കാൻ തന്നെ രസമാണ്. റൈഫിൾ ക്ലബ്ബിലെ തോക്ക് ഞാൻ ചോദിച്ച് വാങ്ങിയതാണ്. ശ്യാമേട്ടനോട് ചോദിച്ചപ്പോൾ എന്നാൽ അവന് കൊടുക്ക് ഒരെണ്ണം എന്ന് പറഞ്ഞു തന്നതാണ്. അതിൽ ഒന്നും കാര്യം ഇല്ല. തോക്ക് ഇല്ലാത്തതുകൊണ്ടാണ് അതിൽ എനിക്ക് ഒരു ഫിസിക്കല്‍ ഫൈറ്റ് കിട്ടിയത്. ബാക്കി എല്ലാവരും ഗൺ ഷോട്ടിൽ നിന്നപ്പോൾ എനിക്കും വിനീത് ഏട്ടനുമാണ് ഫിസിക്കൽ ഫൈറ്റ് ചെയ്യാൻ കഴിഞ്ഞത്. പിന്നെ തോക്ക് കിട്ടാതിരുന്നതിൽ വിഷമം ഉണ്ട്,' റംസാൻ പറഞ്ഞു.
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വർഷം തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു റൈഫിൾ ക്ലബ്ബ്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ സിനിമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായാണ് ചിത്രം എത്തിയത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത്.
Content Highlights: Ramzan is worried about not getting a gun in the Rifle Club movie