
ഒന്നര വർഷം മുമ്പ് വരെ അത്ര നല്ല സമയമായിരുന്നില്ല നടി രശ്‌മിക മന്ദാനയ്ക്ക്. മോശം സിനിമകളും മോശം പ്രകടനങ്ങളും കൊണ്ട് നിരവധി ട്രോളുകളാണ് നടി ഏറ്റുവാങ്ങിയത്. സൂപ്പർതാര സിനിമകളിൽ ഡാൻസിനും റൊമാൻസിനും മാത്രമായി ഒതുക്കപ്പെട്ടിടത്ത് നിന്ന് ഇന്ന് ബോക്സ് ഓഫീസിൽ കോടികൾ വരുന്ന സിനിമയിലെ പ്രധാന റോളിൽ തിളങ്ങുകയാണ് നടി. അഭിനയിക്കുന്ന സിനിമകൾ കളക്ഷൻ നേടാനാകാതെ കഷ്ടപ്പെട്ടിടത്തുനിന്ന് നിന്ന് രശ്‌മിക ഭാഗമാകുന്ന സിനിമകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.
'അനിമൽ' എന്ന സിനിമയാണ് രശ്‌മികയ്ക്ക് വലിയ തിരിച്ചുവരവ് നൽകിയ സിനിമ. സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായി എത്തിയ ചിത്രം 900 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ രശ്‌മിക അവതരിപ്പിച്ച ഗീതാഞ്ജലി എന്ന ഭാര്യ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രം കോടി ക്ലബ്ബുകൾ കടന്ന് മുന്നേറിയത് ബോളിവുഡിൽ രശ്‌മികയ്ക്ക് പുതിയൊരു മാർക്കറ്റ് തുറന്നുകൊടുത്തു. പിന്നാലെയെത്തിയ അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദി റൂൾ' ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായപ്പോൾ രശ്മികയും അതിന്റെ ഭാഗമായി. നിരവധി വിമർശനങ്ങളാണ് സിനിമയിലെ പ്രകടനത്തിന് നടിയെ തേടിയെത്തിയതെങ്കിലും ചിത്രത്തിന്റെ ഗംഭീര വിജയം രശ്മികളുടെ സ്റ്റാർ വാല്യൂവിന് തിളക്കമേറുന്നതായിരുന്നു. ശ്രീവള്ളി എന്ന കഥാപാത്രം അഭിനയസാധ്യതകൾ നിറഞ്ഞു നില്കുന്നതല്ലെങ്കിൽ പോലും കരിയറിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ അത് രശ്മികയെ സഹായിച്ചു.
വിക്കി കൗശൽ നായകനായി എത്തിയ ഛാവ ആണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ രശ്‌മിക ചിത്രം. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. 160 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ചിത്രത്തിൽ സാംബാജിയുടെ ഭാര്യയായ മഹാറാണി യേശുബായ് എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിലെ പ്രകടനത്തിന് രശ്‌മികയ്ക്ക് ലഭിക്കുന്നത്.
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത് സൽമാൻ ഖാൻ നായകനായി എത്തുന്ന സിക്കന്ദർ ആണ് ഇനി പുറത്തിറങ്ങാനുള്ള രശ്‌മിക ചിത്രം. ഒരു ആക്ഷൻ ചിത്രമായി പുറത്തിറങ്ങുന്ന സിനിമയിൽ ഒരു പ്രധാന വേഷമായിരിക്കും രശ്‌മിക ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈദ് റിലീസായി 2025 മാർച്ചിൽ ചിത്രം പുറത്തിറങ്ങും. സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ.
Content Highlights: Rashmika Mandanna back to back hits at box office