പടങ്ങൾ തുടരെ പരാജയം, എന്നിട്ടും പ്രതിഫലം കുറയ്ക്കാതെ ചിരഞ്ജീവി; ചർച്ചയായി താരത്തിന്റെ 75 കോടി പ്രതിഫലം

നടന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമകൾ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

dot image

തുടർച്ചയായുള്ള ഹിറ്റ് സിനിമകളിലൂടെ തെലുങ്ക് സിനിമാപ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയ സംവിധായകനാണ് അനിൽ രവിപുടി. സംവിധായകന്റേതായി അവസാനം പുറത്തിറങ്ങിയ വെങ്കടേഷ് ചിത്രമായ 'സംക്രാന്തികി വസ്‌തുനാം' വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടിയത്. ചിരഞ്ജീവിക്ക് ഒപ്പമാണ് അനിലിന്റെ അടുത്ത സിനിമയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവിയുടെ പ്രതിഫലത്തിനെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

215 കോടിയാണ് സിനിമയ്ക്കായി നിർമാതാക്കൾ അനുവദിച്ചിരിക്കുന്നതെന്നും അതിൽ ചിരഞ്ജീവിയുടെ ഫീസ് 75 കോടി ആണെന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. നടന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമകൾ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നിട്ടും ചിരഞ്ജീവി തന്റെ പ്രതിഫലം കുറയ്ക്കാത്തത് ചർച്ചയായിരിക്കുകയാണ്. ചിരഞ്ജീവിയുടെ മകൾ സുസ്മിത കൊണിഡേല പ്രെസെന്റ് ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയാണ്. അജിത് ചിത്രമായ വേതാളത്തിന്റെ റീമേക്ക് ആയ ഭോല ശങ്കർ ആണ് അവസാനമായി പുറത്തിറങ്ങിയ ചിരഞ്ജീവി സിനിമ. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയിരുന്നു.

അതേസമയം അനിൽ രവിപുടി സിനിമയായ 'സംക്രാന്തികി വസ്‌തുനാം' ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വമ്പൻ മുന്നേറ്റമാണ് നടത്തിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയോളമാണ് സിനിമ വാരിക്കൂട്ടിയത്. വെങ്കടേഷിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ സിനിമയാണിത്. ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇനി വരാനിരിക്കുന്ന ഒരു സംക്രാന്തിയിൽ ആ ചിത്രം റിലീസ് ചെയ്യുമെന്നാണ് അനിൽ രവിപുടി പറയുന്നത്. മീനാക്ഷി ചൗധരി, ഐശ്വര്യ രാജേഷ്, സായ്‌കുമാർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സംക്രാന്തികി വസ്‌തുനാമിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

Content Highlights: Remunaration of actor Chiranjeevi shocks producers and directors

dot image
To advertise here,contact us
dot image