
മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇന്നലെ പുറത്തിറങ്ങിയ സിനിമയുടെ പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോഹൻലാലും ശോഭനയുമുണ്ടെങ്കിലും പോസ്റ്ററിൽ താരമായത് മറ്റൊരാളാണ്, ‘ഇതാണോ മോഹന്‍ലാല്‍’ എന്ന് ചോദിച്ച 93 വയസ്സുകാരി ഏലിക്കുട്ടി.
തുടരും സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിനെ കാണുവാൻ ഏലിക്കുട്ടി എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മോഹൻലാലിനെ കാണുക, സാധ്യമെങ്കിൽ ഒന്ന് തൊടുക എന്നതായിരുന്നു എലിക്കുട്ടിയുടെ ലക്ഷ്യം. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി കാറിനരികിലേക്ക് നടന്ന മോഹൻലാലിനടുത്തേക്ക് വന്ന ഏലിക്കുട്ടി 'ഇതാണോ മോഹൻലാൽ?' എന്ന് ചോദിച്ചു. അതേ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. മടങ്ങാൻ നേരം ‘പോരുന്നോ എന്റെ കൂടെ’ എന്ന് മോഹൻലാൽ ചോദിച്ചതും 'ഇല്ല' എന്ന് ഏലിക്കുട്ടി മറുപടി കൊടുത്തതുമെല്ലാം അന്ന് ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തതും.
ഈ ഏലിക്കുട്ടി വല്യമ്മയെ നിങ്ങൾ ഓർമ്മയുണ്ടോ#thudarum #tharunmoorthi #shobhana #mohanlal #thudarummovieposter pic.twitter.com/JegeparQID
— B4blaze (@B4blazeX) February 20, 2025
ഇപ്പോൾ പോസ്റ്ററിൽ ഏലിക്കുട്ടിയുടെ മുഖം വന്നതോടെ അത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘പോരുന്നോ എന്റെ കൂടെ എന്ന് മോഹൻലാൽ ചോദിച്ചത് വെറുതെയല്ല' എന്നാണ് ആരാധകർ പറയുന്നത്. സിനിമയിൽ മോഹൻലാലിന്റെ അയൽക്കാരിയായാണ് കുമാരമംഗലം സ്വദേശിയായ ഏലിക്കുട്ടി എത്തുന്നത്.
അതേസമയം തുടരും റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Content Highlights: Elikkutti the viral lady acts in Mohanlal movie Thudarum