
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിക്ക് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിൽ കഥ പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫാണ്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ സംവിധായകന്റെ വൈകാരിക പ്രതികരണം ശ്രദ്ധ നേടുകയാണ്.
ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ ജീത്തു അഷ്‌റഫ് പൊട്ടിക്കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വികാരാധീനനായി സംവിധായകനെ കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള സിനിമയുടെ അണിയറപ്രവർത്തകർ ചേർത്തുപ്പിടിക്കുന്നതും കാണാം.
ജീത്തു അഷ്‌റഫിന്റെ സംവിധാന മികവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഒരുപോലെ മികച്ചുനിൽക്കുന്നെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിലുള്ള സംവിധാനമാണ് സിനിമയുടേതെന്നും അഭിപ്രായങ്ങളുണ്ട്. ജേക്സ് ബിജോയ്യുടെ പശ്ചാത്തല സംഗീതത്തിനും കൈയടി ലഭിക്കുന്നുണ്ട്. രേഖാചിത്രത്തിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ് ആണ് ഓഫീസർ ഓൺ ഡ്യൂട്ടി എന്നാണ് എല്ലാവരും പറയുന്നത്.
പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Jithu Ashraf and Kunchacko Boban emotional moment after the success of Officer on Duty